ഡബ്ലിന്‍ : ഭവനപ്രതിസന്ധി പരിഹരിക്കുന്നതിന് വര്‍ഷം തോറും 50000 വീടുകള്‍ നിര്‍മ്മിക്കുന്നത് പരിഗണിക്കുമെന്ന് സര്‍ക്കാര്‍. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ അല്ലെങ്കിലും വൈകാതെ 50000 വീടുകള്‍ എന്ന വിധത്തില്‍ സര്‍ക്കാര്‍ ലക്ഷ്യം പരിഷ്‌കരിക്കുമെന്ന് പ്രധാനമന്ത്രി ലിയോവരദ്കര്‍ ഡെയ്ലില്‍ പറഞ്ഞു.
വര്‍ഷത്തില്‍ 33000 വീടുകളാണ് നാഷണല്‍ ഡവലപ്മെന്റ് പ്ലാന്‍ അനുസരിച്ച് ഓരോ വര്‍ഷവും നിര്‍മിക്കാന്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. അയര്‍ലണ്ടിന്റെ ജനസംഖ്യയുമായി ഒത്തുനോക്കുമ്പോള്‍ സര്‍ക്കാരിന്റെ ഈ ഭവന നിര്‍മ്മാണ ലക്ഷ്യം തീര്‍ത്തും അപര്യാപ്തമാണെന്ന് ഇ .എസ് .ആര്‍. ഐ. ചൂണ്ടിക്കാട്ടിയിരുന്നു.
ഈ ആവശ്യം മുന്‍നിര്‍ത്തി ലേബര്‍ പാര്‍ട്ടി നേതാവ് ഇവാന ബാസിക് കൊണ്ടുവന്ന പ്രമേയത്തെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ഇതു സംബന്ധിച്ച് മന്ത്രിസഭാ തീരുമാനം എടുത്തതായും വരദ്കര്‍ അറിയിച്ചു. പ്രമേയത്തിന്റെ എല്ലാ വശങ്ങളോടും യോജിപ്പില്ല. എന്നിരുന്നാലും വിശാലമായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രമേയത്തെ അംഗീകരിക്കുന്നത്.
ടെനന്റ് ഇന്‍ സിറ്റു സ്‌കീം വിപുലപ്പെടുത്തും
വിജയകരമെന്ന് കണ്ട ടെനന്റ് ഇന്‍ സിറ്റു സ്‌കീം വിപുലപ്പെടുത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.ഈ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു. വില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഭൂഉടമസ്ഥരില്‍ നിന്നും വാടക വീടുകള്‍ സോഷ്യല്‍ ഹൗസിംഗിനായി വാങ്ങാന്‍ ടെനന്റിനെ സഹായിക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയില്‍ ഹൗസിംഗ് അസിസ്റ്റന്‍സ് പേയ്‌മെന്റ്, എച്ച് എ പി എന്നിവ കൂടി അനുവദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പൊള്ളയായ വാഗ്ദാനമല്ല, വേണ്ടത് ആക്ഷനെന്ന് ലേബര്‍ ടി ഡി
സര്‍ക്കാരില്‍ നിന്ന് കാര്യമായ നടപടികളൊന്നുമുണ്ടായില്ലെങ്കില്‍ പ്രമേയത്തെ അനുകൂലിക്കുന്നത് വെറുതെയാകുമെന്ന് ലേബര്‍ നേതാവ് പറഞ്ഞു. ‘ഹ്രസ്വ കാല പദ്ധതികളല്ല ,ദീര്‍ഘകാല ലക്ഷ്യങ്ങളാണ് രാജ്യം മുന്നില്‍ക്കാണേണ്ടത്’.നിയമവിരുദ്ധ കുടിയൊഴിപ്പിക്കലും റെന്റ് ഫ്രീസിംഗും നിര്‍ത്തലാക്കി വാടകക്കാരനെ സംരക്ഷിക്കുന്നതിന് അടിയന്തര നടപടികളുണ്ടാകണം. നിശ്ചയദാര്‍ഢ്യമില്ലാത്ത നടപടികളുടെയും പൊള്ളയായ വാഗ്ദാനങ്ങളുടെയും സമയം കഴിഞ്ഞു. ഓരോ വ്യക്തിക്കും അവര്‍ക്ക് അഫോര്‍ഡ് ചെയ്യാന്‍ കഴിയുന്ന വീടിന് അവകാശമുണ്ട്. അത് യാഥാര്‍ത്ഥ്യമാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ഇവാന ബാസിക് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *