തിരുവനന്തപുരം: ബയോമൈനിംഗ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ 20 നഗരസഭകളിലെ ലെഗസി ഡമ്പ് സൈറ്റുകള്‍ നീക്കം ചെയ്യുന്നതിനായി നാഗ്പൂരിലെ കമ്പനിയുമായി 95.24 കോടി രൂപയുടെ കരാറില്‍ കേരള സര്‍ക്കാര്‍ ഒപ്പുവച്ചു. ലോക ബാങ്ക് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതി(കെഎസ് ഡബ്ല്യുഎംപി)യുടെ ഭാഗമാണിത്.
കെഎസ് ഡബ്ല്യുഎംപി ഓഫീസില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്‍റെ സാന്നിധ്യത്തില്‍ കെഎസ് ഡബ്ല്യുഎംപി പ്രോജക്ട് ഡയറക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ എസ്എംഎസ് ലിമിറ്റഡുമായി കരാര്‍ ഒപ്പുവച്ചു.
മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പാണിതെന്ന് മന്ത്രി പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മാലിന്യക്കൂനകള്‍ ഇല്ലാതാകുമെന്നു മാത്രമല്ല കേരളത്തിലെ നഗരങ്ങളിലെ 60 ഏക്കറില്‍പരം ഭൂമി വീണ്ടെടുത്ത്  ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനുമാകുമെന്ന് മന്ത്രി പറഞ്ഞു.
ബയോമൈനിംഗ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ മാലിന്യം ശാസ്ത്രീയവും സുസ്ഥിരവുമായ രീതിയില്‍ നീക്കം ചെയ്യാനാകുന്നുവെന്നതാണ് പ്രത്യേകതയെന്നും കെഎസ് ഡബ്ല്യുഎംപിയുടെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനത്തില്‍ നാഴികക്കല്ലാണിതെന്നും ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു.എസ്എംഎസ് ലിമിറ്റഡ് ഡയറക്ടര്‍ ആസിഫ് ഹുസൈന്‍ കമ്പനിയെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തു.

  കൊട്ടാരക്കര, കായംകുളം, കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, വടക്കന്‍ പറവൂര്‍, കളമശ്ശേരി, വടകര, കല്‍പ്പറ്റ, ഇരിട്ടി, കൂത്തുപറമ്പ്, കാസര്‍ഗോഡ്, മാവേലിക്കര, കോട്ടയം, ചാലക്കുടി, കുന്നംകുളം, വടക്കാഞ്ചേരി, പാലക്കാട്, മലപ്പുറം, മഞ്ചേരി എന്നീ നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കും.  95.24 കോടി രൂപയാണ് പദ്ധതിച്ചെലവ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ 60 ഏക്കറില്‍പരം ഭൂമി വീണ്ടെടുക്കാന്‍ സാധിക്കുകയും ആ പ്രദേശത്തെ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്‍റെ മാനദണ്ഡപ്രകാരമുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും സാധിക്കും. 20 ലെഗസി ഡമ്പ് സൈറ്റുകളിലായി 5.60 ലക്ഷം ക്യുബിക് മീറ്റര്‍ മാലിന്യമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് നിരവധി പാരിസ്ഥിതിക, ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ മാര്‍ഗനിര്‍ദ്ദേശപ്രകാരം ബയോമൈനിംഗ് സമയത്ത് പുറത്തുവരുന്ന വസ്തുക്കള്‍ സുരക്ഷിതമായി നീക്കം ചെയ്യും. ഇവയെ മണ്ണ്, കമ്പോസ്റ്റ്, മെറ്റല്‍, പ്ലാസ്റ്റിക്ക്, തുണി, തുകല്‍, കെട്ടിടനിര്‍മാണ അവശിഷ്ടങ്ങള്‍, ഗ്ലാസ്, എന്നിവ പുനഃചംക്രമണത്തിനും മറ്റ് നിഷ്ക്രിയവസ്തുക്കള്‍ ലാന്‍ഡ് ഫില്ലിംഗിനും റോഡ് നിര്‍മാണത്തിനും ഉപയോഗിക്കും. പ്ലാസ്റ്റിക്കും മറ്റ് കത്തുന്ന വസ്തുക്കളും സിമന്‍റ് ഫാക്ടറികളില്‍ ഇന്ധനമായി ഉപയോഗിക്കാനും സാധിക്കും.
ഖരമാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് നഗരസഭകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണുന്നതിനാണ് ലോക ബാങ്കിന്‍റേയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിന്‍റേയും ധനസഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ കേരള ഖരമാലിന്യ പരിപാലനപദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. 2400 കോടി രൂപയുടെ ഈ പദ്ധതിയിലൂടെ അത്യാധുനികവും ശാസ്ത്രീയവുമായ ലോകോത്തര മാലിന്യ പരിപാലന സംവിധാനങ്ങളാണ് സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകള്‍ക്കും സാധ്യമാകുക.

By admin

Leave a Reply

Your email address will not be published. Required fields are marked *