ന്യൂദൽഹി- ദൽഹി മെഹ്‌റൊളിയിൽ ബുൾഡോസർ രാജിൽ തകർക്കപ്പെട്ട അഖുഞ്ചി മസ്ജിദ് യൂത്ത് ലീഗ് ദേശീയ നേതാക്കൾ സന്ദർശിച്ചു. ആരാധന നടന്നു കൊണ്ടിരിക്കുന്ന 700 വർഷം പഴക്കമുള്ള പള്ളിയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഡി.ഡി.എ തകർത്തത്. പള്ളിയോട് അനുബന്ധിച്ചുള്ള മദ്രസയും മഖ്ബറയും പൊളിച്ചു നീക്കി. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു, സെക്രട്ടറി സി.കെ ശാക്കിർ, എക്‌സിക്യൂട്ടീവ് അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ മർസൂക് ബാഫഖി എന്നിവർ അഖുഞ്ചി മസ്ജിദ് നിന്നിരുന്ന സ്ഥലം സന്ദർശിച്ച ശേഷം പള്ളി ഇമാം മുഹമ്മദ് സാകിർ ഹുസൈനുമായി കൂടിക്കാഴ്ച നടത്തി. ഈ പള്ളിയുമായി ബന്ധപ്പെട്ട് തർക്കങ്ങളോ കോടതിനിയമ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഇമാം മുഹമ്മദ് സാകിർ ഹുസൈൻ യൂത്ത് ലീഗ് നേതാക്കളോട് പറഞ്ഞു.
യാതൊരു മുന്നറിയിപ്പും ഇല്ലാതെ ജനുവരി 30ന് പുലർച്ചെ പത്ത് ബുൾഡൊസറുകളുമായി വന്ന് ഡി.ഡി.എ ഉദ്യോഗസ്ഥരും നൂറുകണക്കിന് പോലീസും പള്ളി വളയുകയായിരുന്നു. സുബ്ഹി നമസ്‌കാരത്തിന് തയ്യാറെടുക്കുന്ന ഇമാമിനെയും പള്ളിയോട് ചേർന്നുള്ള മദ്രസയിൽ ഉറങ്ങി കിടന്നിരുന്ന അനാഥകൾ ഉൾപ്പെട്ട വിദ്യാർത്ഥികളെയും ബലമായി പുറത്തിറക്കി ഫോണുകൾ വാങ്ങി വെച്ചു. എഴു നൂറ്റാണ്ടു പഴക്കമുള്ള പള്ളിയും മദ്രസയും മഖ്ബറയും പ്രസിദ്ധമായ ദർഗയും ഞൊടിയിടയിൽ ബുൾഡൊസറുകൾ തകർത്ത് തരിപ്പിണമാക്കുകയായിരുന്നുവെന്ന് പന്ത്രണ്ട് വർഷമായി പള്ളിയിൽ ഇമാമായി സേവനം ചെയ്യുന്ന മുഹമ്മദ് സാകിർ ഹുസൈൻ യൂത്ത് ലീഗ് നേതാക്കളോട് പറഞ്ഞു. 
ദൽഹി ഹൈക്കോടതിയിൽ പരാതി നൽകിയതായും മാർച്ച് ഏഴിന് കേസ് പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. വഖഫ് ബോർഡ് അഭിഭാഷകന് പുറമെ മസ്ജിദ് കമ്മിറ്റിയും അഭിഭാഷകനെ വച്ചിട്ടുണ്ടെന്നും ഇമാമിനൊപ്പം യൂത്ത് ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്ത നിയമ നടപടികൾക്ക് നേതൃത്വം നൽകുന്ന മുസമ്മിൽ സൽമാനി പറഞ്ഞു. സമീപത്തെ മറ്റൊരു പള്ളിയിൽ കഴിയുന്ന ഇമാമിനും കുട്ടികൾക്കും റമദാനിലെ ഇഫ്താറും ആവശ്യമായ മറ്റു ചെലവുകളും നൽകാനുള്ള സന്നദ്ധത യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു. ഇതിലേക്ക് ആദ്യഗഡുവായി അര ലക്ഷം രൂപ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു കൈമാറി. 
മെഹറൊളി മസ്ജിദ് തകർത്തത് കടുത്ത അനീതിയാണെന്ന് അഡ്വ. ഫൈസൽ ബാബു പറഞ്ഞു. ദൽഹി ഹൈക്കോടതിയിൽ പള്ളിക്കമ്മിറ്റിയുടെ ഭാഗം പറയാൻ ചുമതലപ്പെടുത്തിയ അഡ്വ. റിയാസ് ഖാജയുമായി ഫൈസൽ ബാബു സംസാരിച്ചു. നിയമ പോരാട്ടത്തിന് ആവശ്യമായസഹായം നൽകുമെന്നും അദ്ദേഹം മെഹറൊളി അഖുഞ്ച് മസ്ജിദ് ഇമാമിന് ഉറപ്പ് നൽകി.  
2024 March 6Saudititle_en: Mehroli Masjid demolition incident: Youth League supports legal battle

By admin

Leave a Reply

Your email address will not be published. Required fields are marked *