മനുഷ്യ-വന്യജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാനം. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലമുള്ള ദാരുണ സംഭവങ്ങള്‍ കണക്കിലെടുത്താണ് നടപടി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടി ഇതില്‍ ഉള്‍പ്പെടുത്തി ഏകോപിപ്പിക്കും.
മുഖ്യമന്ത്രി – മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള നാല് സമിതികള്‍ ജില്ലാ, പ്രദേശിക തലത്തില്‍ ഉള്‍പ്പെടെ രൂപീകരിക്കും. സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായി സമിതി രൂപീകരിക്കും. വനം വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി എന്നിവർ അംഗങ്ങളും, ചീഫ് സെക്രട്ടറി കൺവീനറുമായിരിക്കും. ഈ സമിതി സംസ്ഥാന തലത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകും.
ചീഫ് സെക്രട്ടറി അധ്യക്ഷനായി ആഭ്യന്തരവകുപ്പ് സെക്രട്ടറി, റവന്യൂ വകുപ്പ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറി, പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, കൃഷി വകുപ്പ് സെക്രട്ടറി, വനം വകുപ്പ് മേധാവി, പിസിസിഎഫ് & ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി മെമ്പർ സെക്രട്ടറി എന്നിവർ അംഗങ്ങളായി സംസ്ഥാനതലത്തിൽ നിയന്ത്രണ സമിതി രൂപീകരിക്കും. സംസ്ഥാനതലത്തിൽ ഇതു സംബന്ധിച്ച കാര്യങ്ങൾ നടപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഉത്തരവുകളും നൽകുന്നത് ഈ സമിതിയുടെ ഉത്തരവാദിത്തമായിരിക്കും.