കോട്ടയം: ലീഡർ കെ. കരുണാകരൻ്റെ മകളും കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്കെന്ന് അഭ്യൂഹം ശക്തമായി. ഇന്നോ നാളെയോ ഡൽഹിയിൽ വെച്ച് ജെ.പി നദ്ദയിൽ നിന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വം എടുക്കുന്ന പത്മജ ലോക് സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആയേക്കുമെന്നും സൂചനയുണ്ട്. ഇനി പ്രഖ്യാപിക്കാൻ ഇരിക്കുന്ന സീറ്റുകളിൽ ഏതെങ്കിലും ഒന്നിൽ മത്സരിപ്പിക്കാനാണ് സാധ്യത.
പത്മജ വേണുഗോപാൽ പാർട്ടിയിൽ ചേരുന്നതിൽ ഔദ്യോഗിക സ്ഥിരീകരണം നൽകാൻ സംസ്ഥാന ബിജെപി നേതൃത്വം തയാറാകുന്നില്ല. എന്നാൽ നേതൃനിരയിലെ ചിലർ പത്മജ വേണുഗോപാൽ പാർട്ടിയിൽ ചേരാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.
അതീവ രഹസ്യമായാണ് പത്മജയുമായുള്ള ആശയ വിനിമയം പുരോഗമിക്കുന്നത്. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനായിരുന്ന ലീഡർ കെ. കരുണാകരൻെറ മകൾ ബിജെപിയിൽ ചേരുന്നത് തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ കോൺഗ്രസിനെ പിടുച്ചുലയ്ക്കും. എ.കെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി ബിജെപിയിൽ ചേർന്നതിന് പിന്നാലെ കെ. കരുണാകരൻ്റെ മകൾ കൂടി സംഘ പരിവാർ കൂടാരം കയറുന്നത് കോൺഗ്രസിന് കനത്ത പ്രഹരമാണ്.
ഇന്നത്തെ കോൺഗ്രസ് നാളെത്തെ ബിജെപിയാണെന്ന സി.പി.എം പ്രചാരണം ശരിവെയ്ക്കുന്നതാകും പത്മജയുടെ ബി.ജെ.പിയിലേക്കുള്ള പോക്ക്. വീട്ടിൽ നിന്നുള്ള ഒഴുക്ക് തടയാൻ കഴിയാത്തവർ എങ്ങനെ ദേശിയ തലത്തിൽ ബി.ജെ.പി യെ പ്രതിരോധിക്കും എന്ന ചോദ്യമാകും സി പി.എം ഉയർത്തുക.
ലോക് സഭാ തിരഞ്ഞെടുപ്പിൽ സി.പിഎം ഈ രീതിയിലുള്ള പ്രചാരണം ശക്തമാക്കിയാൽ കോൺഗ്രസ് മുന്നണിയുടെ വിശ്വാസ്യത തന്നെ തകർക്കുംമുന്നണിയിലെ മുസ്ളിം ലീഗ് ഉൾപ്പെടെയുള്ള ഘടക കക്ഷികളും ഇതിൽ ഉലയുമെന്ന് ഉറപ്പാണ്. അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കും വഴിവെയ്ക്കും. ഇതെല്ലാം പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും ആത്മവിശ്വാസം ചോരുകയും ചെയ്യും എന്നതാണ് മറ്റൊരു ദുരന്ത ഫലം.
കോൺഗ്രസിൽ അസംതൃപ്തയായ പത്മജയെ ലക്ഷ്യമിട്ട് ബി ജെ പി നേതൃത്വം കുറച്ചുകാലമായി കളത്തിലുണ്ട്. സ്വന്തം സഹോദരൻ കെ.മുരളീധരൻ വടകരയിൽ സ്ഥാനാർത്ഥി ആയിരിക്കെ പത്മജ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കറുമോ എന്നതിൽ മാത്രമാണ് സംശയമുള്ളത്