തൃശൂര്‍: തൃശൂരിലെ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രി രക്തബാങ്കില്‍  രൂക്ഷമായ രക്തക്ഷാമം. രക്തം കിട്ടാനായി രോഗികളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നെട്ടോട്ടത്തിലാണ്. ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകള്‍ മുടങ്ങുമെന്നുള്ള ഭയത്തിൽ ബന്ധുക്കള്‍ അവരുടെ നാട്ടില്‍നിന്നും  രക്തദാതാക്കളെ എത്തിച്ചാണ് രക്തം ലഭ്യമാക്കുന്നത്.
കടുത്ത വേനല്‍ച്ചൂടും കോളജുകളിലും മറ്റ് പ്രഫഷണല്‍ സ്ഥാപനങ്ങളിലും പരീക്ഷാക്കാലമായതും കാരണം രക്തദാതാക്കളെ കിട്ടാന്‍ പ്രയാസമായി. ഇതും രക്തബാങ്കുകളില്‍ രക്തക്ഷാമം രൂക്ഷമാക്കി. എല്ലാ നെഗറ്റീവ് ഗ്രൂപ്പുകള്‍ക്കും കടുത്ത ക്ഷാമമുണ്ട്. എ ബി പോസിറ്റീവും എ ബി നെഗറ്റീവും  തീരെ കിട്ടാനില്ല. സാധാരണ ഏറ്റവും കൂടുതല്‍  ലഭിക്കുന്ന പോസിറ്റീവ് ഗ്രൂപ്പുകള്‍ പോലും  ലഭിക്കാത്ത അവസ്ഥയാണെന്ന് ലാബ് ജീവനക്കാര്‍  ചൂണ്ടിക്കാട്ടുന്നു.
ഗ്രാമങ്ങളിലെ രക്ത ക്യാമ്പുകളും നടക്കാത്ത സാഹചര്യമാണുള്ളത്. യുവജന സംഘടനകളും മറ്റു സന്നദ്ധ രക്തദാതാക്കളും രക്തദാനം നടത്താറുണ്ട്. രക്തബാങ്കില്‍ ദാതാക്കളുടെ എണ്ണം കഴിഞ്ഞ കാലങ്ങളില്‍ കുത്തനെ   കുറഞ്ഞിരിക്കുകയാണ്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന  ഐഎംഎ രക്തബാങ്കില്‍ നിന്നും രക്തം വാങ്ങി പ്രശ്‌നം പരിഹരിക്കാമെന്ന് കരുതിയാല്‍ അവിടെയും  പ്രതിസന്ധി തന്നെയാണ്. നല്ലൊരു ശതമാനം കാന്‍സര്‍ രോഗികള്‍ക്കും രക്തം അത്യാവശ്യമാണ്.
പ്രസവം, സിസേറിയന്‍, ശസ്ത്രക്രിയകള്‍, അപകടങ്ങള്‍ സംഭവിച്ച് വരുന്നവര്‍ക്കും രക്തം  കൃത്യസമയത്ത് ലഭിക്കാത്ത സാഹചര്യമാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്തത്തിന്റെ ലഭ്യത സുഗമമാക്കാന്‍ കൂടുതല്‍ രക്തദാതാക്കളും  സന്നദ്ധ സംഘടനകളും രംഗത്ത് വരണമെന്നും രക്തം ദാനം ചെയ്യാന്‍ എത്തുന്നവര്‍ക്ക് ഏതുസമയത്തും  അതിനുള്ള സൗകര്യം ഒരുക്കാന്‍ തയ്യാറാണെന്നും രക്തബാങ്ക് ജീവനക്കാര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *