തിരുവനന്തപുരം: പാർട്ടി പ്രവർത്തകരുടെ ആർപ്പുവിളികൾക്കിടയിൽ ബൈക്ക് റാലിയോടെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തിങ്കളാഴ്ച തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി എന്ന നിലയിലുള്ള തൻ്റെ പ്രചാരണം ആരംഭിച്ചു. അദ്ദേഹത്തിന്റെ വരവോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവുമധികം ഉറ്റുനോക്കുന്ന പോരാട്ടങ്ങളിലൊന്നായി തലസ്ഥാനത്തെ ഈ ത്രികോണ മത്സരം മാറും.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂർ 2009 മുതൽ തിരുവനന്തപുരം സീറ്റിൽ തുടർച്ചയായി വിജയിച്ചുവരികയാണ്. ഇപ്പോൾ അദ്ദേഹം നാലാംതവണയാണ് കോൺഗ്രസിന് വേണ്ടി മത്സരിക്കാൻ ഒരുങ്ങുന്നത്. ഈ മണ്ഡലത്തിൽ 2005ൽ വിജയിച്ച സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനെയാണ് എൽഡിഎഫ് മത്സരിപ്പിക്കുന്നത്.
59 കാരനായ ചന്ദ്രശേഖറും 67 കാരനായ തരൂരും തങ്ങളുടെ വിവിധ നേട്ടങ്ങൾക്ക് പേരുകേട്ട സൗമ്യരും വാചാലരുമായ നേതാക്കളാണ്. മറുവശത്ത്, 78 കാരനായ പന്ന്യൻ രവീന്ദ്രൻ സാധാരണക്കാരുടെ പ്രതിനിധിയായാണ് എത്തുന്നത്.
ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ 370 സീറ്റുകൾ ലക്ഷ്യമിട്ടെത്തുന്ന ബി.ജെ.പി, തരൂരിൻ്റെ നിലവാരത്തിനൊപ്പം നിൽക്കാൻ കഴിയുന്ന ഒരു സ്ഥാനാർത്ഥിയെ ആണ് മത്സരിപ്പിക്കുന്നതെന്ന ആത്മവിശ്വാസത്തിലാണ്.