ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തിൽ ഇടംപിടിച്ച് യുവതാരം യശസ്വി ജയ്സ്വാൾ. രണ്ടുസ്ഥാനങ്ങൾ കയറി പത്താമതാണ് താരം.
എട്ടാം സ്ഥാനത്തുള്ള സൂപ്പർതാരം വിരാട് കോഹ്ലി മാത്രമാണ് യശസ്വിക്കു പുറമേ ആദ്യപത്തിലുള്ള ഇന്ത്യൻ താരം. ഇന്ത്യൻ നായകൻ രോഹിത് ശർമ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി 11-ാം സ്ഥാനത്തെത്തി.
ബാറ്റർമാരുടെ പട്ടികയിൽ ന്യൂസിലന്‍ഡ് മുൻ നായകൻ കെയ്ന്‍ വില്യംസണ് തന്നെയാണ് ഒന്നാമത്. ജോ റൂട്ടാണ് രണ്ടാമത്. ഓസ്ട്രേലിയന്‍ മുൻ നായകൻ സ്റ്റീവന്‍ സ്മിത്ത് മൂന്നാം സ്ഥാനത്തേക്ക് വീണു.
കിവീസ് താരം ഡാരില്‍ മിച്ചല്‍, പാക് താരം ബാബര്‍ അസം, ഓസീസ് താരം ഉസ്മാന് ഖവാജ, ശ്രീലങ്കയുടെ ദിമുത് കരുണാരത്നെ എന്നിവരാണ് യഥാക്രമം ഏഴുവരെയുള്ള സ്ഥാനങ്ങളില്‍. ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക് ആണ് ഒമ്പതാമൻ.
അതേസമയം, ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ആര്. അശ്വിൻ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ദക്ഷിണാഫ്രിക്കൻ താരം കഗീസോ റബാഡയാണ് മൂന്നാമത്.
ഓസീസ് താരങ്ങളായ ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍ എന്നിവരാണ് യഥാക്രമം ആറുവരെയുള്ള സ്ഥാനങ്ങളിൽ. ഇന്ത്യൻ താരം രവീന്ദ്ര ജഡേജ, ശ്രീലങ്കൻ താരം പ്രഭാത് ജയസൂര്യ, ഇംഗ്ലീഷ് താരം ജെയിംസ് ആന്ഡേഴ്സണ്, കിവീസ് താരം കെയ്ല്‍ ജെയ്മിസണ്‍ എന്നിവരാണ് തൊട്ടുപിന്നിൽ.
ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ തന്നെയാണ് ഒന്നാം സ്ഥാനത്ത്. അശ്വന് രണ്ടാമതും അക്സര്‍ പട്ടേല്‍ അഞ്ചാം സ്ഥാനത്തുമുണ്ട്.