പത്തനംതിട്ട: ബി.ജെ.പി സ്ഥാനാർത്ഥിയായി അനിൽ ആന്റണി വന്നതോടെ പത്തനംതിട്ടയിൽ രാഷ്ട്രീയ അങ്കച്ചൂട് കടുക്കുകയാണ്.
പാർലമെന്റിൽ വലതിനെയും നിയമസഭയിൽ ഇടതിനെയും പിന്തുണയ്ക്കുന്ന പാരമ്പര്യമുള്ള പത്തനംതിട്ട ഇത്തവണത്തെ ശക്തമായ ത്രികോണപ്പോരിൽ ആരെ തുണയ്ക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും ആന്റോ ആന്റണി സ്ഥാനാർത്ഥിയെന്ന രീതിയിൽ മണ്ഡലമാകെ സജീവമാണ്. ഇടതു സ്ഥാനാർത്ഥി തോമസ് ഐസക് ഒരു ലാപ് പര്യടനം പൂർത്തിയാക്കി കഴിഞ്ഞു. അനിൽ ആന്റണിയും മണ്ഡലത്തിൽ സജീവമായിക്കഴിഞ്ഞു. വേനൽ ചൂടിനെ വെല്ലുന്ന രാഷ്ട്രീയ ചൂടാണ് പത്തനംതിട്ടയിൽ ഇപ്പോൾ.
2009 മുതൽ കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ പാ‌ർലമെന്റ് തിരഞ്ഞെടുപ്പിൽ പത്തനംതിട്ട വലതുപക്ഷത്തിന് അനുകൂലമാണ്. നിയമസഭാ തിരഞ്ഞെടുപ്പിലാവട്ടെ ഇടതേക്ക് ചായും. നിലവിൽ 7മണ്ഡലങ്ങളും ഇടതിന്റെ പോക്കറ്റിലാണ്.
പത്തനംതിട്ടയിൽ ഏറെ നിർണായകമാവുക സഭകളും സമുദായങ്ങളുമാണ്. അതിനാലാണ് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയുടെ എതിർപ്പുയർന്നതോടെ പി.സി ജോർജ്ജിനെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കാതിരുന്നതെന്നാണ് വിലയിരുത്തൽ.
അതിശക്തമായ ത്രികോണ മത്സരത്തിനാണ് ഇത്തവണ പത്തനംതിട്ട സാക്ഷിയാവുന്നത്. മണ്ഡലം രൂപീകൃതമായ
ആദ്യ തിരഞ്ഞെടുപ്പ് മുതൽ തുടർച്ചയായി മൂന്നു തവണ കോൺഗ്രസിലെ ആന്റോ ആന്റണിയെ പാർലമെന്റിലേക്ക് അയച്ച മണ്ഡലം ഇത്തവണ മാറിചിന്തിക്കുമെന്നാണ് ഇടതിന്റെ പ്രതീക്ഷ. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നാലുടൻ കളത്തിലിറങ്ങുമെന്നും ജയം ഉറപ്പാണെന്നും ആന്റോ ആന്റണിയും പറയുന്നു.
വമ്പൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് അനിൽ ആന്റണിയും പറയുന്നത്. പി.സി ജോർജിനെ നേരിട്ടു കണ്ട് അനിൽ ആന്റണി പ്രശ്നങ്ങളെല്ലാം പറഞ്ഞുതീർത്തിട്ടുമുണ്ട്. അനിൽ ജയിക്കുന്ന സ്ഥാനാർത്ഥിയാണെന്നാണ് ജോ‌ർജ്ജിന്റെ പുതിയ പ്രതികരണം.
എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.എം കേന്ദ്രകമ്മറ്റിയംഗമായ ഡോ. തോമസ് ഐസക്ക് പ്രചരണത്തിൽ ഏറെ മുന്നേറിയിട്ടുണ്ട്. ചുവരെഴുത്തകൾ ഏറെക്കുറെ പൂർത്തിയാക്കി. മണ്ഡലത്തിന്റെ മുക്കിനും മൂലയിലും പോസ്റ്ററുകൾ പതിഞ്ഞു. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഐസക് ഒരു ലാപ് പ്രചാരണം പൂർത്തിയാക്കി.
ഐസക് മണ്ഡലത്തിന് പരിചിതനല്ലെന്ന വിമർശനം ഇല്ലാതാക്കാൻ പൊതുജന സമ്പർക്ക പരിപാടി നടത്തുകയാണ് എൽ.ഡി.എഫ്. മൈഗ്രേഷൻ കോൺക്ളേവ് നടത്തി പ്രവാസികളുമായും പ്രവാസി കുടുംബങ്ങളുമായും അടുപ്പമുണ്ടാക്കുന്നു. കുടുംബശ്രീ യൂണിറ്റുകളിൽ നേരിട്ടെത്തി വോട്ടഭ്യർത്ഥിക്കുന്നു. സോഷ്യൽ മീഡിയ സെൽ ശക്തമാക്കി അതുവഴിയും വോട്ടു തേടുന്നു. പ്രചാരണത്തിനിടെ ഐസകിന് കിഫ്ബി മസാലാ ബോണ്ട് കേസിൽ ഇ.ഡി ഇടയ്ക്കിടെ നോട്ടീസ് അയയ്ക്കുന്നതും മണ്ഡലത്തിൽ ചർച്ചയാവുമെന്ന് ഉറപ്പാണ്. ബിജെപിയും കോൺഗ്രസും ഇത് പ്രചാരണ ആയുധമാക്കുമെന്നാണ് ഇടതിന്റെ ഭയം.
യു.ഡി.എഫ് തികഞ്ഞ വിജയ പ്രതീക്ഷയിലാണെങ്കിലും അവരെ അലട്ടുന്നത് ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം കുറയുന്നതാണ്. 2009ലെ 1, 11,206 വോട്ടുകളുടെ ഭൂരിപക്ഷം 2019ൽ 44,243 വോട്ടുകളായി താഴ്ന്നു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരിയായ വീണാജോർജുമായുള്ള വോട്ടു വ്യത്യാസം 4.31 ശതമാനം മാത്രം. മൂന്നാം സ്ഥാനത്തെത്തിയ കെ.സുരേന്ദ്രനുമായി ഒൻപത് ശതമാനം വോട്ടുകളാണ് ആന്റോ ആന്റണിക്ക് കൂടുതൽ ലഭിച്ചത്. ഇതെല്ലാം മുന്നിൽ കണ്ടാണ് എൽ.ഡി.എഫ് തോമസ് ഐസകിനെയും ബിജെപി അനിൽ ആന്റണിയെയും കളത്തിലിറക്കാൻ കാരണം.
കഴിഞ്ഞ തവണ ശബരിമല വിഷയത്തിൽ ഹിന്ദു വോട്ടുകളുടെ ഏകീകരണമുണ്ടായെന്നും ഇത്തവണ അതുണ്ടാവില്ലെന്നും ഇടത്, വലത് മുന്നണികൾ വിലയിരുത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രൻ നേടിയ മൂന്ന് ലക്ഷത്തോളം വോട്ടുകളിലാണ് ബി.ജെ.പിയുടെ കണ്ണ്.
മറ്റ് മുന്നണികളിൽ നിന്ന് വോട്ടുചോർച്ചയുണ്ടാവുമെന്നും ബി.ജെ.പി വിലയിരുത്തുന്നു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ജയം കൊണ്ടുവരുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ.

By admin

Leave a Reply

Your email address will not be published. Required fields are marked *