മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്നു എന്നതിനാൽ തന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ റിലീസ് ഈ വർഷം മാർച്ച് 28 നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിനിമയുടെ റിലീസ് നീളുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ സിനിമ മെയ് മാസം റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് മെയ് 16നായിരിക്കും ചിത്രം റിലീസ് ചെയ്യുക. മെയ് 21 നാണ് മോഹൻലാലിന്റെ പിറന്നാൾ.
കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. പിന്നീട് ചിത്രത്തിന്റെ റിലീസ് ഈ വർഷം മാർച്ച് 28 ലേക്ക് മാറ്റുകയായിരുന്നു.അതേദിവസം തന്നെയാണ് പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതവും റിലീസ് ചെയ്യുന്നത്. ഈ ചിത്രവുമായി ക്ലാഷ് റിലീസ് വേണ്ടെന്ന തീരുമാനത്തെ തുടർന്നാണ് ബറോസ് റിലീസ് നീട്ടിയതെന്ന് റിപ്പോർട്ടുകളുണ്ട്.