തിരുവനന്തപുരവും ആറ്റിങ്ങലും പിടിക്കാന്‍ ബിജെപി രണ്ടു കേന്ദ്രമന്ത്രിമാരെത്തന്നെ അയച്ചിരിക്കുന്നു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലില്‍ വി.മുരളീധരനും.
രണ്ടു പേരും രാജ്യസഭാംഗങ്ങളായാണ് പാര്‍ലമെന്‍റിലെത്തിയത്. വി മുരളീധരന്‍ മഹാരാഷ്ട്ര നിയമസഭയില്‍ നിന്നും രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടക നിയമസഭയില്‍ നിന്നും. രാജീവ് ചന്ദ്രശേഖര്‍ ദീര്‍ഘകാലമായി ബംഗളൂരുവിലാണ് താമസം. 2018 -ലാണ് മുരളീധരന്‍ രാജ്യസഭയിലെത്തിയത്. അന്ന് കേരള നിയമസഭയില്‍ ബിജെപിക്ക് ഒരേയൊരംഗം മാത്രം – ഒ രാജഗോപാല്‍.
രണ്ടു പേര്‍ക്കും ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിച്ചു ജയിച്ച് ലോക്സഭയിലെത്താന്‍ കഴിഞ്ഞിട്ടില്ല. ബിജെപി കേന്ദ്ര നേതൃത്വം ഇരുവരെയും രാജ്യസഭയിലെത്തിച്ചു. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഇരുവരെയും മന്ത്രിമാരുമാക്കി. രാജീവ് ചന്ദ്രശേഖറിന് നൈപുണ്യ വികസനം, സംരംഭകത്വം എന്നീ വകുപ്പുകള്‍. മുരളീധരന് വിദേശകാര്യവും. രണ്ടു പേരും സഹമന്ത്രിമാര്‍.
മൂന്നാം തവണയും ഭരണം കൈക്കലാക്കാന്‍ വെമ്പുന്ന ബിജെപി നേതൃത്വം രാജീവ് ചന്ദ്രശേഖറിനെയും വി മുരളീധരനെയും കേരളത്തിലേയ്ക്കു പറഞ്ഞയച്ചിരിക്കുന്നു. തിരുവനന്തപുരത്തും ആറ്റിങ്ങലും മത്സരിച്ചു വിജയിച്ചു വരാന്‍. ഡല്‍ഹിയിലെത്തിയാല്‍ നരേന്ദ്ര മോദി തീര്‍ച്ചയായും രണ്ടു പേരെയും മന്ത്രിസഭയിലെടുക്കുമെന്നു പ്രതീക്ഷിക്കാം. അതും ബിജെപിയ്ക്കു ഭരണം കിട്ടിയാല്‍.
ഭരണം ബിജെപിയ്ക്കു വീണ്ടും കിട്ടിയാല്‍ മോദിതന്നെയാകും പ്രധാനമന്ത്രി. രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ലോക്സഭയിലെത്തിയാല്‍ കേരളത്തിനു രണ്ടു മന്ത്രിമാരും ഉറപ്പ്. ഇല്ലെങ്കിലോ ?
തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ രണ്ടു പേരെയും ഇനി രാജ്യസഭംഗങ്ങളാക്കി മന്ത്രിസഭയിലെടുക്കാനും മാത്രം ഉത്സാഹം ബിജെപി നേതൃത്വം കാണിക്കുമെന്നു തോന്നുന്നില്ല. പ്രത്യേകിച്ച് നരേന്ദ്ര മോദി.
ഇവര്‍ തിരുവനന്തപുരത്തും ആറ്റിങ്ങലും ജയിക്കാനുള്ള സാധ്യതകളോ ? കേരളത്തിലെ 20 മണ്ഡലങ്ങളിലും ഇപ്പോഴും പ്രധാന മത്സരം രണ്ടു മുന്നണികള്‍ തമ്മിലാണ് – ഐക്യ ജനാധിപത്യമുന്നണിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും. രണ്ടു മുന്നണികളെയും പിന്നിലാക്കുക ബിജെപിക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലേയും പോലെ തിരുവനന്തപുരത്തും ആറ്റിങ്ങലും.
1984 -ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു മുന്നണി തിരുവനന്തപുരത്തു മത്സരിച്ച് ഒന്നു വെട്ടി തിളങ്ങിയതാണ്. ശബരിമലയ്ക്കടുത്ത് നിലയ്ക്കലില്‍ ക്രിസ്ത്യന്‍ പള്ളി പണിയാന്‍ ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ നടത്തിയ നീക്കത്തിനെതിരെ ഹിന്ദു മുന്നണി നടത്തിയ പ്രതിരോധത്തിന്‍റെ ശില്പിയായിരുന്ന കുമ്മനം രാജശേഖരനായിരുന്നു തിരുവനന്തപുരത്ത് മത്സരത്തിനും ചരടുവലിച്ചത്. പാലാ രാജകുടുംബത്തിലെ കേരള വര്‍മ്മ രാജായെ സ്ഥാനാര്‍ഥിയാക്കി കുമ്മനം പയറ്റിനിറങ്ങി.
മുഖ്യമന്ത്രി കെ കരുണാകരന്‍ നാടാന്‍ കാര്‍ഡിറക്കി എ ചാള്‍സിനെ സ്ഥാനാര്‍ഥിയാക്കിയ തെരഞ്ഞെടുപ്പ് എന്ന പ്രാധാന്യവുമുണ്ട് 1984 -ന്. ഇടതുപക്ഷ സ്ഥാനാര്‍ഥിയായി എ നിലലോഹിതദാസന്‍ നാടാരും.
ചാള്‍സ് ജയിച്ചു. നീലന്‍ രണ്ടാമതെത്തി. ഹിന്ദു മുന്നണി സ്ഥാനാര്‍ഥി കേരള വര്‍മ്മ രാജാ മൂന്നാം സ്ഥാനത്തും. പക്ഷെ ആ മൂന്നാം സ്ഥാനം ഒരു വലിയ മൂന്നാം സ്ഥാനം തന്നെയായിരുന്നു. തിളക്കമേറിയ മൂന്നാം സ്ഥാനം. തിരുവനന്തപുരം ഈസ്റ്റ് നിയോജക മണ്ഡലത്തില്‍ ഹിന്ദു മുന്നണി രണ്ടാം സ്ഥാനത്തുമെത്തി. നീലനെ മൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളിക്കൊണ്ട്.
ഹിന്ദു മുന്നണി സ്ഥാനാര്‍ഥി കേരള വര്‍മ്മ രാജായ്ക്ക് തിരുവനന്തപുരത്ത് 1,10,449 വോട്ടാണു കിട്ടിയത്. ചെയ്ത വോട്ടിന്‍റെ 19.80 ശതമാനം. ഇത് സിപിഎം നേതാവ് ഇഎംഎസ് നമ്പൂതിരിപ്പാടിനെ ഏറെ നോവിച്ചു. ഹിന്ദുത്വ ശക്തികള്‍ ഇവിടെ കാലുകുത്തിയിരിക്കുന്നുവെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. തിരുവനന്തപുരം ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ ഹിന്ദു മുന്നണി രണ്ടാം സ്ഥാനത്തെത്തിയതും ഇഎംഎസിനെ അമ്പരപ്പിച്ചു. കേരളത്തില്‍ ഹിന്ദുത്വ ചേരിയുടെ ആദ്യ രൂപമായിരുന്നു ഹിന്ദു മുന്നണി. എ ചാള്‍സിന് 2,39,791 വോട്ടും (43 ശതമാനം) നീലന് 1,86,353 വോട്ടുമാണ് (33.41 ശതമാനം) കിട്ടിയത്.
ന്യൂനപക്ഷ വര്‍ഗീയതയാണ് ഭൂരിപക്ഷ വര്‍ഗീയതയ്ക്കു വഴിതെളിക്കുന്നതെന്ന് ഇഎംഎസ് പ്രസ്താവിച്ചു. ശരിയത്തിനെതിരെ ഇഎംഎസ് എഴുതാനും പ്രസംഗിക്കാനും തുടങ്ങി. എം.വി രാഘവനും കൂടെ കൂടി. പക്ഷേ കേരളാ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എന്നീ കക്ഷികളെ കൂടി കൂട്ടി ഇടതു മുന്നണി വളര്‍ത്തണമെന്നും എങ്കില്‍ മാത്രമേ കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ഇടതുപക്ഷത്തിനാകൂ എന്നുമായിരുന്നു എംവിആറിന്‍റെ നിലപാട്. പാര്‍ട്ടിയില്‍ സംഘര്‍ഷം മൂത്തതും പിറ്റേ വര്‍ഷം നടന്ന സംസ്ഥാന സമ്മേളനത്തില്‍ എംവിആര്‍ ബദല്‍ രേഖ അവതരിപ്പിച്ചതും പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം ബദല്‍ രേഖയുടെ പേരില്‍ എംവിആര്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തായതും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ സിഎംപി രൂപമെടുത്ത് ഐക്യജനാധിപത്യ മുന്നണിയില്‍ ചേര്‍ന്നതുമെല്ലാം കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന ഏട്. എല്ലാറ്റിനും തുടക്കമായത് 1984 -ലെ തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പ്. ബാക്കിപത്രമായി സിഎംപി ഇന്നും യുഡിഎഫില്‍. സിപി ജോണും.
എങ്കിലം ഇഎംഎസ് ശങ്കിച്ചതുപോലെ ഹിന്ദുത്വ ശക്തിയുടെ പുതിയ രൂപമായ ബിജെപിയുടെ ഒരു പ്രതിനിധിയും കേരളത്തില്‍ നിന്ന പാര്‍ലമെന്‍റിലെത്തിയില്ല.
ചരിത്രം തിരുത്തുമോ തിരുവനന്തപുരത്തും ആറ്റിങ്ങലും ? സാധ്യത തീരെ കുറവ്. അങ്ങനെയെങ്കില്‍ ഡല്‍ഹിയില്‍ രാജീവ് ചന്ദ്രശേഖറിനും മുരളീധരനും പകരം മറ്റു നേതാക്കള്‍ വരും. മന്ത്രിസഭയിലേയ്‌ക്കെങ്കില്‍ മറ്റേതെങ്കിലും സംസ്ഥാനത്തുനിന്ന് രാജ്യസഭയിലെത്തിയാകും അവരുടെ വരവ്.