കടുത്തുരുത്തി: കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ അഭിനന്ദ് പി.എ, അക്ഷയ് സജിൻ എന്നിവർ സത്യസന്ധ്യതയുടെ മാതൃകയാകുന്നു. സ്കൂളിൽ നിന്നും ഇന്റർവെൽ സമയത്ത് പുറത്തിറങ്ങിയപ്പോൾ നിലത്തുനിന്നും കിട്ടിയ പണം ക്ലാസ് അധ്യാപികയുടെ കൈകളിൽ ഭദ്രമായി ഏൽപ്പിച്ച് സമൂഹത്തിന് നന്മയുടെ മാതൃക പകർന്നു നൽകി.
സഹപാഠിയായ കുട്ടി വണ്ടിക്കൂലിക്കും, വീട്ടിലേക്ക് സാധനം വാങ്ങുന്നതിനുമായി കൊണ്ടുവന്ന പൈസയായിരുന്നു വഴിയിൽ നഷ്ടപ്പെട്ടത്. കുട്ടികൾ സ്റ്റാഫ് റൂമിൽ എത്തി ക്ലാസ് അധ്യാപികയായ സിസ്റ്റർ നീന എസ് വി എം നെ പണം ഏൽപ്പിക്കുകയും സിസ്റ്റർ ഉടൻതന്നെ പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്തി ഏൽപ്പിക്കുകയും ചെയ്തു.
പ്രധാന അധ്യാപിക സുജ മേരി തോമസ്, സ്കൂളിലെ നല്ലപാഠം പദ്ധതിയുടെ കോർഡിനേറ്റർ ജിനോ തോമസ് എന്നിവർ കുട്ടികളെ അഭിനന്ദിച്ചു. കുട്ടികളുടെ പ്രവർത്തനം മാതൃകാപരമാണെന്നും ഇത്തരം നല്ല പാഠങ്ങൾ മറ്റു കുട്ടികളും മുതിർന്നവരും മാതൃകയാക്കണമെന്നും പ്രധാന അധ്യാപിക പറഞ്ഞു.