മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രം മലയാളത്തിലും തമിഴിലും വന്‍ വിജയമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സിനിമാപ്രേമികള്‍ക്കിടയിലുമെല്ലാം ചിത്രവും ഗുണകേവും ചര്‍ച്ചയാകുകയാണ്. ഒപ്പം ഗുണകേവില്‍ ചിത്രീകരിച്ച സിനിമകളും.
മോഹന്‍ലാല്‍ നായകനായ ശിക്കാറും ഗുണകേവില്‍ ചിത്രീകരീച്ച സിനിമയാണ്. ചിത്രത്തില്‍ നടി അനന്യ ഡ്യൂപ്പില്ലാതെ ചെയ്ത ആക്ഷന്‍ രംഗം ശ്രദ്ധ നേടിയിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷൂട്ടിങ് അനുഭവങ്ങള്‍ അനന്യ പങ്കുവച്ചതിങ്ങനെ…
”ശിക്കാറില്‍ അഭിനയിക്കുന്നത് 2009-10 കാലത്താണ്. അന്ന് താന്‍ 21-22 വയസുള്ള പെണ്‍കുട്ടിയായിരുന്നു. അന്ന് കമലഹാസന്റെ ഗുണ ചിത്രീകരിച്ച ഗുഹയില്‍ അഭിനയിക്കുന്നു എന്നതിന്റെ ത്രില്ലിലായിരുന്നു ഞാന്‍. അവിടെ ഷൂട്ട് ചെയ്യുന്നതിലെ അപകട സാധ്യത മനസിലുണ്ടായിരുന്നില്ല. ആ പ്രായത്തിന്റെ സ്വഭാവമായിരിക്കും അന്നത്തെ പേടിയില്ലായ്മ.
കയറില്‍ കെട്ടി കൊക്കയിലേക്ക് തൂക്കി ഇട്ടിരിക്കുകയാണ്. താഴേക്ക് നോക്കിയാല്‍ കൊക്കയാണ്. വളരെ ശ്രദ്ധയോടെ സുരക്ഷിതമായാണ് എന്നെ കയര്‍കൊണ്ട് കെട്ടിയിറക്കിയത്. എനിക്ക് പകരം ഡ്യൂപ്പിനെ വച്ച് ചെയ്യാമെന്ന് മോഹന്‍ലാലും സംവിധായകനുമുള്‍പ്പടെ എല്ലാവരും പറഞ്ഞു. എന്നാല്‍ വേണ്ട, ഞാന്‍ ചെയ്തോളാമെന്ന് പറഞ്ഞു. തുടക്കത്തില്‍ ആരും അതിന് സമ്മതിച്ചില്ല. ഒടുവില്‍ തന്റെ ആത്മവിശ്വാസം കണ്ട് അവര്‍ സമ്മതിക്കുകയായിരുന്നു.
ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്ററായ ത്യാഗരാജന്‍ മാസ്റ്ററും പപ്പേട്ടനും ലാലേട്ടനും മുഴുവന്‍ ക്രൂവും നല്ല പിന്തുണ നല്‍കിയിരുന്നു. ചിത്രത്തില്‍ തന്നെ മുകളിലേക്ക് കയര്‍ വലിച്ച് പൊക്കുന്ന രംഗമുണ്ട്. യഥാര്‍ത്ഥത്തില്‍ അന്ന് കയര്‍ വലിക്കുന്നത് ലാലേട്ടനും ത്യാഗരാജന്‍ മാസ്റ്ററും അടക്കമുള്ളവരായിരുന്നു.
അന്നങ്ങനെ പേടിയൊന്നും തോന്നിയില്ല. ചെയ്യുന്നത് പൂര്‍ണതയോടെ ചെയ്യുകയെന്ന് മാത്രമേ ആലോചിച്ചുള്ളൂ. ഞാന്‍ മാത്രമല്ല പപ്പേട്ടനും ലാലേട്ടനും സംവിധാന സഹായികളും ക്യാമറ ക്രൂവും ഉള്‍പ്പടെയുള്ളവര്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടു്. അങ്ങനെ എല്ലാവരും ഒരുപോലെ കഷ്ടപ്പെട്ടതുകൊണ്ടാണ് സിനിമ ഇത്ര നന്നായി വന്നത്.
ഗുണ കേവിലേക്ക് ക്യാമറയും മറ്റു പ്രോപര്‍ട്ടികളും ഇറക്കുന്നതൊക്കെ ബുദ്ധിമുട്ടായിരുന്നു. ലാലേട്ടന്‍ ഉള്‍പ്പടെയുള്ളവര്‍ സാധനങ്ങള്‍ ഇറക്കാന്‍ സഹായിച്ചു. ഇടയ്ക്കിടയ്ക്ക് മൂടല്‍മഞ്ഞ് വന്ന് ഒന്നും കാണാതെയാകും. ഇടയ്ക്കിടെ മഴയും പെയ്യും. ആ സമയത്ത് ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടി വരുമായിരുന്നു…”