തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചശേഷം യുവാവ് കിണറ്റിൽ ചാടി. പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയായ ബിനു (50), ചേങ്കോട്ടുകോണം സ്വദേശിനി ജി സരിത (46) എന്നിവർക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെങ്കോട്ടുകോണം മേലെ കുണ്ടയത്ത് താമസിക്കുന്ന സരിതയുടെ വീട്ടിൽ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ബിനു എത്തിയത്. വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ചു കത്തിക്കുകയായിരുന്നു.
കന്നാസിൽ 5 ലിറ്റർ പെട്രോളുമായിട്ടാണ് ഇയാൾ എത്തിയത്. തീ കത്തിച്ചപ്പോൾ ഇയാളുടെ ദേഹത്തും തീ പടർന്നു. തുടർന്ന് ബിനു വീടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടി. സരിതയ്ക്ക് 60 ശതമാനത്തിലേറെയും, ബിനുവിന് 50 ശതമാനത്തിലധികവും പൊള്ളലേറ്റു.