കോട്ടയം: പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതോടൊപ്പം വിജയകരമായി നടപ്പാക്കുകയും ചെയ്യുന്നതാണു ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേന്മയെന്ന് സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 2023 – 24 വർഷം മികച്ച തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ തദ്ദേശ ഭരണ സ്ഥാപനങ്ങളെ അനുമോദിക്കാനായിജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിട്ടയാർന്ന പ്രവർത്തനങ്ങളിലൂടെ അംഗീകാരത്തിന് അർഹരായവരെ മന്ത്രി അഭിനന്ദിച്ചു.
ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയായിരുന്നു. ജില്ലാ കളക്ടർ വി.വിഗ്നേശ്വരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനോൻ, ഡി.പി.സി അംഗങ്ങളായ മഞ്ജു സുജിത്ത്, പി.ആർ. അനുപമ, പി.എം. മാത്യു, സുധ കുര്യൻ, ഇ.എസ്.ബിജു, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത് , തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
സംസ്ഥാന തലത്തിൽ മികച്ച ബ്ളോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കിയ വൈക്കം ബ്ലോക്ക് പഞ്ചായത്തിനുള്ള അനുമോദനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്തും സെക്രട്ടറി കെ. ശ്രീകലയും ചേർന്ന് മന്ത്രി വി.എൻ. വാസവനിൽ നിന്ന്ഏറ്റുവാങ്ങി. സംസ്ഥാന തലത്തിൽ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്തിനുള്ള അനുമോദനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവലും സെക്രട്ടറി ശ്രീകുമാർ എസ്.കൈമളും ചേർന്ന് ഏറ്റുവാങ്ങി. ജില്ലാ തലത്തിൽ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള പുരസ്കാരം നേടിയ തിരുവാർപ്പ് ഗ്രാമ പഞ്ചായത്തിന് വേണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോനും സെക്രട്ടറി ടി.ആർ.രാജശ്രീയും രണ്ടാം സ്ഥാനം നേടിയ വെളിയന്നൂർ ഗ്രാമപഞ്ചായത്തിന് വേണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശിയും സെക്രട്ടറി ടി. ജിജിയും അനുമോദനം ഏറ്റുവാങ്ങി
സംസ്ഥാന തലത്തിൽ മഹാന്മാ അയ്യങ്കാളി പുരസ്ക്കാരം രണ്ടാം സ്ഥാനം നേടിയ വൈക്കം നഗരസഭയ്ക്ക് വേണ്ടി നഗരസഭാധ്യക്ഷ പ്രീത രാജേഷും സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണനും അനുമോദനം ഏറ്റുവാങ്ങി. ജില്ലാ തലത്തിൽ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള മഹാത്മാ പുരസ്ക്കാരം ഒന്നാം സ്ഥാനം നേടിയ മറവൻതുരുത്ത് ഗ്രാമ പഞ്ചായത്തിന് വേണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതിയും സെക്രട്ടറി കെ.സുരേഷ് കുമാറും രണ്ടാം സ്ഥാനം നേടിയ തലയാഴം ഗ്രാമ പഞ്ചായത്തിന് വേണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഭൈമി വിജയനും അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. പ്രവീൺ കുമാറും ചേർന്ന് ആദരം ഏറ്റുവാങ്ങി.യോഗത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2023 – 24 വർഷത്തെ വാർഷിക പദ്ധതി അവലോകനവും നടത്തി.