തിരുവനന്തപുരം: പരീക്ഷാ സമയത്തെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് വിദ്യാർഥികളോടുള്ള ദ്രോഹമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപനത്തിൽ നിന്നും കെ.എസ്.യു പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്ന ഈ സമയത്ത് വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനുള്ള ആസൂത്രിത ശ്രമമാണ് കോൺഗ്രസും പോഷക സംഘടനകളും നടത്തുന്നത്.
പ്ലസ് വണ്ണിന്റെയും പ്ലസ്ടുവിന്റെയും പൊതുപരീക്ഷകൾ നടക്കുന്ന ദിവസമാണ് ചൊവ്വാഴ്ച. 4,69,341 കുട്ടികളാണ് ഈ പരീക്ഷക്കായി ചൊവ്വാഴ്ച സ്കൂളുകളിൽ എത്തുന്നത്. പ്രൈമറി,സെക്കൻഡറി സ്കൂൾ തല പരീക്ഷകളും നടക്കുന്നുണ്ട്. ഈ ഘട്ടത്തിൽ തെരുവുകൾ യുദ്ധക്കളമാക്കാനുള്ള ഗൂഢാലോചന ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.