പിറവം: സങ്കേതിക തടസങ്ങൾ മറികടന്ന് എങ്ങനെ ഓരോ പദ്ധതി പൂർത്തീകരിക്കാമെന്ന നേരനുഭവങ്ങൾ പങ്കുവച്ച് തോമസ് ചാഴികാടൻ എംപി. കീച്ചേരി ഗവ.ആശുപത്രിയിൽ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 13.60 ലക്ഷം രൂപ ഉപയോഗിച്ചു വാങ്ങുന്ന ജനറേറ്റർ സംവിധാനത്തിൻ്റെ അനുമതി പത്രം കൈമാറി സംസാരിക്കുകയായിരുന്നു എംപി.
ഒരു ഫോൺ വിളിയിൽ തീർക്കാവുന്ന പ്രശ്നങ്ങൾ, ഫയല്‍ ഫോർമാറ്റ് മാറിയത്, എസ്റ്റിമേറ്റ് പ്രശ്നങ്ങൾ മുതലുള്ളവ നിരന്തരം ഇടപെട്ട് പരിഹരിച്ചാണ് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ പദ്ധതി നിർവ്വഹണം 100 ശതമാനത്തിലെത്തിച്ചത്. കാൽ ലക്ഷം മുതൽ 34 ലക്ഷം രൂപ വരെയുള്ള 282 പദ്ധതികൾ പൂർത്തീകരിച്ച് നിരവധി പേരുടെ സന്തോഷത്തിൽ പങ്കുചേരാനായതിൽ അഭിമാനമുണ്ടെന്നും എം പി പറഞ്ഞു.
എംപിക്ക് ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റിയും, ജീവനക്കാരും ചേർന്ന് ഊഷ്മള വരവേൽപ്പ് നൽകി. 62.5 കിലോവാട്ട് ശേഷിയുള്ള ജനറേറ്റർ പ്രവർത്തിച്ചു തുടങ്ങുന്നതോടെ ആശുപത്രി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. ബ്ലോക്ക് പഞ്ചായത്തംഗം ജലജ മോഹൻ അധ്യക്ഷത വഹിച്ചു.
അനുമതിപത്രം തോമസ് ചാഴികാടൻ എംപിയിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ.അപ്പു സിറിയക് ഏറ്റുവാങ്ങി. ടി കെ മോഹൻ, കെ ഷാജഹാൻ, ശൈലേഷ് കുമാർ, എ പി സുഭാഷ്, കെ എസ് ആഫിൽ, എം കെ സുരേന്ദ്രൻ, മിനി സോമൻ, ഡോ.ഹാരിഷ ഇസ്മയിൽ, എം വി വിൻസി എന്നിവർ സംസാരിച്ചു.
എം ജെ ജേക്കബ് എംഎൽഎ ആയിരിക്കെയാണ് കീച്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സിഎച്ച്സി ആയി ഉയർത്തിയത്. വിവിധ വിഭാഗങ്ങളിലായി അഞ്ച് ഡോക്ടർമാരും മുപ്പതോളം ജീവനക്കാരും സേവനമനുഷ്ടിക്കുന്നുണ്ട്. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലുള്ള ഈ ആശുപത്രിയിൽ ആമ്പല്ലൂർ, മുളന്തുരുത്തി, എടയ്ക്കാട്ടുവയൽ പഞ്ചായത്തു പ്രദേശങ്ങളിലെ ജനങ്ങളാണ് പ്രധാനമായും ചികിത്സ തേടിയെത്തുന്നത്.