ഡല്‍ഹി: ബിജെപിയില്‍ അംഗമായി ഒരു മാസം പൂര്‍ത്തിയാകും മുമ്പ് പിസി ജോര്‍ജിന് ദേശീയ നേതൃത്വത്തിന്‍റെ ‘സ്നേഹ ശാസന’. പരസ്യ വിമര്‍ശനങ്ങള്‍ പാടില്ലെന്നും ദേശീയ പാര്‍ട്ടിയുടെ അച്ചടക്ക രീതികളുമായി സമരസപ്പെടാന്‍ മറക്കരുതെന്നുമാണ് ശാസന. പാര്‍ട്ടിയിലെത്തിയതിന്‍റെ മധിവിധു കാലം കഴിയും മുന്‍പെ പിസി ജോര്‍ജ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരെ പരസ്യമായ വെല്ലുവിളി ഉയര്‍ത്തിയതാണ് ദേശീയ നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച പിസി ജോര്‍ജിന് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. പകരം എകെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയെയാണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
അനില്‍ പത്തനംതിട്ടയില്‍ പരിചിതനല്ലെന്നും വോട്ടു നേടില്ലെന്നുമായിരുന്നു ജോര്‍ജിന്‍റെ പ്രതികരണം. തന്‍റെ സീറ്റ് നിഷേധത്തിനു പിന്നില്‍ പിണറായി വിജയനും വെള്ളാപ്പള്ളി നടേശനുമാണെന്നായിരുന്നു പരസ്യ വിമര്‍ശനം.
ബിജെപിയില്‍ സ്ഥാനാര്‍ഥിത്വം നിര്‍ണയിക്കുന്നതില്‍ പിണറായി വിജയനു പങ്കുണ്ടെന്ന തരത്തിലുള്ള ജോര്‍ജിന്‍റെ പ്രതികരണം മറ്റൊരു തരത്തില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കുന്നതാണ്. എന്നാലും തല്‍ക്കാലം പിസി ജോര്‍ജിനോട് ക്ഷമിക്കാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനം. പക്ഷേ പഴയ ശൈലി ബിജെപിയില്‍ നടക്കില്ലെന്ന വ്യക്തമായ മുന്നറിയിപ്പും ജോര്‍ജിനു നല്‍കി.
ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് സ്ഥാനാര്‍ഥി അനില്‍ ആന്‍റണി ഇന്ന് പിസി ജോര്‍ജിനെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി കണ്ടത്. ഇതോടെ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ് ജോര്‍ജിനുള്ള നിര്‍ദേശം.