ദിലീപ് നായകനായെത്തുന്ന ‘തങ്കമണി’ മാർച്ച് ഏഴിന് തിയേറ്ററുകളിലെത്തും. 38 വർഷങ്ങൾക്ക് മുമ്പ് നടന്ന യഥാർഥ സംഭവത്തിൻറെ ചുവടുപിടിച്ചുകൊണ്ട് ഫിക്ഷനും ചേർത്താണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ദിലീപിൻറെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായൊരു ചിത്രമായിരിക്കുമിതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഏറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ‘ഉടലി’ന് ശേഷം രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തങ്കമണി’
എൺപതുകളുടെ മധ്യത്തിൽ ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തിൽ പോലീസ് നരനായാട്ടിൽ ചോരപ്പുഴയൊഴുകിയ നടുക്കുന്ന സംഭവത്തെ ചലച്ചിത്രമാക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികളേവരും ഉറ്റുനോക്കുന്നത്. ‘പെണ്ണിൻറെ പേരല്ല തങ്കമണി, വെന്ത നാടിൻറെ പേരല്ലോ തങ്കമണി…’ എന്ന ടെെറ്റിൽ ഗാനവും സിനിമയുടെ ടീസറും ട്രെയിലറുമൊക്കെ ഏറെ ശ്രദ്ധേയമായിരുന്നു.
38 വർഷങ്ങൾക്ക് മുമ്പ് നടന്നൊരു യഥാർത്ഥ സംഭവം തന്നെയാണ് സിനിമയ്ക്ക് ആധാരമാക്കിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ തങ്കമണിയെന്ന മലയോര ഗ്രാമത്തിൽ ബസ് സർവീസിനെ ചൊല്ലിയുണ്ടായ തർക്കമാണ് വലിയ അക്രമങ്ങളിലേക്ക് വഴിവെച്ചത്. വ്യാപാര കേന്ദ്രമായ കട്ടപ്പന പട്ടണത്തിൽ നിന്നും തങ്കമണിയിലേക്ക് സഞ്ചരിക്കാൻ ചുരുക്കം ബസുകൾ മാത്രമാണ് അക്കാലത്ത് ഉണ്ടായിരുന്നത്. തങ്കമണിയിലേക്കുള്ള റോഡും ഏറെ മോശമായിരുന്നു. ഇവിടേക്ക് സർവ്വീസ് നടത്തിയിരുന്ന ‘എലൈറ്റ്’ ബസ് തങ്കമണിയിലേക്ക് എത്താതെ തങ്കമണിക്ക് തൊട്ടടുത്തുള്ള പാറമടയിൽ സർവ്വീസ് അവസാനിപ്പിക്കുന്നത് പതിവായതോടെ വിദ്യാർത്ഥികൾ ചോദ്യം ചെയ്തു. വിദ്യാർത്ഥികളെ ബസ് ജീവനക്കാർ മർദ്ദിച്ചു. ഇതാണ് നിഷ്ഠൂരമായ പോലീസ് വെടിവെപ്പിലേക്ക് എത്തിച്ച സംഭവങ്ങൾക്ക് വഴിവെച്ചത്. കേരളത്തിൻറെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ളൊരു സംഭവമാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇതുവരെ കാണാത്ത വേഷപകർച്ചയിൽ ദിലീപ് എത്തുന്ന ചിത്രമാണ് ‘തങ്കമണി’.
സൂപ്പർ ഗുഡ് ഫിലിംസിൻറെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിൻറെ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലേയും, തമിഴിലേയും ഒരു വൻ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും സിനിമയുടെ ഭാഗമാകുന്നുണ്ട്. അഞ്ഞൂറിലേറെ ജൂനിയർ ആർട്ടിസ്റ്റ്സുകളും സിനിമയിൽ അണിനിരക്കുന്നുണ്ട്. ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സി.എം.എസ് കോളേജ് എന്നിവടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
ഛായാഗ്രഹണം: മനോജ് പിള്ള, എഡിറ്റർ: ശ്യാം ശശിധരൻ, ഗാനരചന: ബി.ടി അനിൽ കുമാർ, സംഗീതം: വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത് ജെ നായർ, പ്രൊജക്ട് ഡിസൈനർ: സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ: മോഹൻ ‘അമൃത’, സൗണ്ട് ഡിസൈനർ: ഗണേഷ് മാരാർ, മിക്സിംഗ്: ശ്രീജേഷ് നായർ, കലാസംവിധാനം: മനു ജഗത്, മേക്കപ്പ്: റോഷൻ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, സ്റ്റണ്ട്: രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി, പ്രോജക്ട് ഹെഡ്: സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മനേഷ് ബാലകൃഷ്ണൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: ശാലു പേയാട്, ഡിസൈൻ: അഡ്സോഫ്ആഡ്സ്, മാർക്കറ്റിംഗ് & ഡിസ്ട്രിബ്യൂഷൻ: ഡ്രീം ബിഗ് ഫിലിംസ്.

By admin

Leave a Reply

Your email address will not be published. Required fields are marked *