തിരുവനന്തപുരം: പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ടു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഡിഎന്‍എ പരിശോധന ഫലം പൊലീസിന് ലഭിച്ചു. കുട്ടി ബിഹാര്‍ സ്വദേശികളുടേതെന്ന് തന്നെയെന്ന് ഡിഎന്‍എ ഫലം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ കുട്ടിയെ മാതാപിതാക്കള്‍ക്ക് തിരികെ കൈമാറും.
കുട്ടിയെ മാതാപിതാക്കൾക്ക് നൽകാമെന്ന് കാണിച്ച് ശിശുക്ഷേമ സമിതിക്ക് പൊലീസ് റിപ്പോർട്ട് നൽകി. മാതാപിതാക്കളുടെ മൊഴിയില്‍ ഉള്‍പ്പെടെയുണ്ടായ വൈരുധ്യത്തെതുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്.
നിലവിൽ സിഡബ്ല്യുസിയിയുടെ സംരക്ഷണയിലാണ് രണ്ടു വയസുകാരിയും സഹോദരങ്ങളും. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഇന്നലെ പിടിയിലായിരുന്നു. വർക്കല അയിരൂർ സ്വദേശി ഹസൻകുട്ടി എന്ന കബീറിനെ (50) കൊല്ലം ചിന്നക്കടയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.