തൃശൂർ: ചാലക്കുടിയിൽ കലാഭവൻ മണി പാർക്കിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീ പിടിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട മുനിസിപ്പൽ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ചാലക്കുടി അഗ്നി രക്ഷാ നിലയത്തിൽ നിന്ന് ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ബെന്നി അഗസ്റ്റിന്റെയും, സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ശ്രീ രമേശ് കുമാറിൻ്റെയും നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചു.
മുനിസിപ്പാലിറ്റിയിൽ ഓഫീസ് ആവശ്യത്തിനെത്തിയ ചാലക്കുടി സ്വദേശി മണക്കാട്ട് ദിവ്യ ഓടിച്ച ടാറ്റാ ഇൻഡിഗോ കാറാണ് കത്തിയത്. വണ്ടിയുടെ മുന്‍ഭാഗത്തു നിന്ന് പുക ഉയരുന്നത് കണ്ടു വർക്ക്ഷോപ്പ് ജീവനക്കാരെ വിളിക്കാനായി ദിവ്യ പോയിരുന്നു.
ഇതിനിടെ പുക ഉയരുകയും തീ പിടിക്കുകയും ചെയ്തു. ഇതു കണ്ട മുൻസിപ്പൽ ജീവനക്കാർ നഗരസഭയുടെ ഓഫീസ് കെട്ടിടത്തിലെ സൈറൻ മുഴക്കുകയും, കെട്ടിടത്തിൽ ഉണ്ടായിരുന്ന ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.
തീ ഉയരുന്നതു കണ്ട ഉടനെ ഫയർഫോഴ്സിനെ വിളിക്കുകയും ഫയർഫോഴ്‌സ് എത്തി തീയണയ്ക്കുകയുമായിരുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *