ഹൈദരാബാദ്: ബിരുദവിദ്യാര്‍ഥിയെ ജൂനിയേഴ്‌സ് ചേര്‍ന്ന് കൊലപ്പെടുത്തി. ഗാന്ധാരി മണ്ഡലത്തിലെ തിപ്പരി താണ്ട സ്വദേശിയായ വെങ്കടാ(19)ണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആറ് വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ചാറ്റിങ് നിര്‍ത്തി പഠിക്കാന്‍ പറഞ്ഞതില്‍ പ്രകോപിതരായ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് വെങ്കിട്ടിനെ മര്‍ദിക്കുകയായിരുന്നു.
ബോധന്‍ ടൗണിലെ സര്‍ക്കാര്‍ ഹോസ്റ്റലില്‍ വച്ചാണ് വെങ്കടിനെ മര്‍ദ്ദിച്ചത്. ഹോസ്റ്റലില്‍ താമസിച്ചാണ് വെങ്കിട് ഡിഗ്രി കോഴ്‌സ് ചെയ്തുകൊണ്ടിരുന്നത്. വെങ്കട് സ്റ്റഡി അവര്‍ ഇന്‍-ചാര്‍ജ് ആയിരുന്നതിനാല്‍, ചാറ്റിങ് നിര്‍ത്തി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ രോഷാകുലരായ ജൂനിയേഴ്‌സ് വെങ്കിടിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പ്രതികളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.