കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ സഹോദരന്‍ സുരേഷിനെ മൃതദേഹത്തിന് അടുത്തുനിന്ന് വലിച്ചിഴച്ച് പോലീസ്. പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞയാളാണ് സുരേഷ്.
മൃതദേഹവുമായി കോതമംഗലം ടൗണില്‍ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. മൃതദേഹം പിടിച്ചെടുക്കാനായി എത്തിയപ്പോഴാണ് ഇന്ദിരയുടെ സഹോദരന്‍ സുരേഷിനെ പോലീസ് ബലമായി കൈയില്‍ പിടിച്ചുവലിച്ചത്. എന്റെ പെങ്ങളാണെന്ന് പറഞ്ഞിട്ടും പോലീസ് ബലമായി എന്റെ കൈയില്‍ പിടിച്ചുവലിച്ചു. കൈ രണ്ടും വേദനയാണെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.പോലീസ് നടപടിക്കിടെ മറ്റു കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്ദിര രാമകൃഷ്ണന്റെ മൃതദേഹവുമായി കോതമംഗലം ടൗണില്‍ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു സംഭവങ്ങള്‍. മൃതദേഹം വിട്ടുതരില്ലെന്ന് പറഞ്ഞ് ഇന്ദിരയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ മൃതദേഹത്തിനു മേല്‍ക്കിടന്ന് പ്രതിഷേധിച്ചെങ്കിലും പോലീസ് അവരെയെല്ലാം ബലമായി തട്ടിമാറ്റി മൃതദേഹം കിടത്തിയ ഫ്രീസര്‍ റോഡിലൂടെ വലിച്ച് ആംബുലന്‍സില്‍ കയറ്റുകയായിരുന്നു.
പോലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതിനെത്തുടര്‍ന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. സമരപ്പന്തല്‍ പൊലീസ് ബലമായി പൊളിച്ചുനീക്കി.
ഇന്നു രാവിലെ 9ന് കൃഷിയിടത്തില്‍ വച്ചാണ് ഇന്ദിരയ്ക്കു നേരെ കാട്ടാന ആക്രമണമുണ്ടായത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വീണുപോയ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു.നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ ഇന്ദിര രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ തന്നെ കോതമംഗലത്തെ ആശുപതിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.