കലബുറഗി: 13 വര്‍ഷമായി ഒളിവിലായിരുന്ന കൊലപാതകക്കേസിലെ പ്രതിയായ 48കാരനെ മുധോള്‍ പോലീസ് അറസ്റ്റ് ചെയ്തു. 2011 ഏപ്രില്‍ 13ന് നടന്ന ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയാണ് പിടിയിലായത്.
കലബുറഗി ജില്ലയിലെ സെഡം താലൂക്കിലെ രാജോല വില്ലേജില്‍ താമസിക്കുന്ന ശരണപ്പ മൊഗലപ്പയാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. മൊഗലപ്പയെ പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
രാജോള വില്ലേജിലെ താമസക്കാരായ ലക്ഷ്മപ്പ ചിന്നയ്യ (52), നരസപ്പ ചിന്നയ്യ (55) എന്നിവര്‍ 2011 ല്‍ രാഷ്ട്രീയ വൈരാഗ്യം മൂലം കൊലചെയ്യപ്പെട്ടിരുന്നു. ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് 27 പേര്‍ക്കെതിരെ മുധോള്‍ പൊലീസ് സ്റ്റേഷനില്‍ കേസെടുത്തു. കേസില്‍ പ്രതികളായ ആറ് പേര്‍ക്ക് ജീവപര്യന്തം തടവും മൂന്ന് പേര്‍ക്ക് 15,000 രൂപ പിഴയും ഒരു വര്‍ഷം തടവും വിധിച്ചു. കേസിലെ മറ്റ് പ്രതികള്‍ക്കെതിരെയും കേസ് നടന്നുവരികയാണ്.
കുറ്റകൃത്യം നടന്ന് 13 വര്‍ഷത്തിന് ശേഷം മൊഗലപ്പയെ പിടികൂടിയ പോലീസ് സംഘത്തെ കലബുറഗി പോലീസ് സൂപ്രണ്ട് അക്ഷയ് ഹകെ അഭിനന്ദിച്ചു. കേസിലെ പ്രതിയായ മൊഗലപ്പ കുറ്റകൃത്യം നടന്ന ദിവസം മുതല്‍ ഒളിവിലായിരുന്നു.