കൊച്ചി: കറുകപ്പിള്ളിയിലെ ഹോട്ടല്‍ മുറിയില്‍വച്ച് അമ്മയും കാമുകനും ചേര്‍ന്ന് ഒന്നേകാല്‍ വയസുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസ് അന്വേഷിച്ച എളമക്കര എസ്.എച്ച്.ഒ. ജെ.എസ്. സജീവ്കുമാറാണ് 130 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കുഞ്ഞിന്റെ അമ്മ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന്‍ (25), സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി വി.പി. ഷാനിഫ് (25) എന്നിവരാണ് പ്രതികള്‍. 62 സാക്ഷികളുണ്ട്.
2023 ഡിസംബര്‍ 5-നായിരുന്നു സംഭവം. അമ്മ അശ്വതിയുടെ സുഹൃത്തായ ഷാനിഫാണ് കൊല നടത്തിയതെന്ന് കുറ്റപത്രം പറയുന്നു. തലയോട്ടിക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണ കാരണം. മരിച്ചുവെന്ന് ഉറപ്പാക്കാന്‍ കുട്ടിയുടെ ശരീരത്തില്‍ കടിച്ചതായും പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. കടിച്ചപ്പോള്‍ കുഞ്ഞ് കരഞ്ഞില്ലെന്നും ഇതോടെ മരണം ഉറപ്പിക്കുകയായിരുന്നെന്നുമായിരുന്നു മൊഴി. കടിയേറ്റതിന്റെ പാടുകള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നു.
സാമൂഹിക മാധ്യമത്തിലൂടെയാണ് അശ്വതിയും ഷാനിഫും പരിചയപ്പെട്ടത്. ഇരുവരും നിയമപ്രകാരം വിവാഹിതരല്ല. തന്നെ പരിചയപ്പെടുമ്പോള്‍ അശ്വതി നാലുമാസം ഗര്‍ഭിണിയായിരുന്നെന്നും ആ കുഞ്ഞാണ് ഇതെന്നുമാണ് ഷാനിഫ് പോലീസിനോട് പറഞ്ഞത്.
മറ്റൊരാളുടെ കുഞ്ഞ് തങ്ങളുടെ ജീവിതത്തില്‍ ബാധ്യതയാകുമെന്നു കരുതി കുഞ്ഞിനെ ഇല്ലാതാക്കാന്‍ ഷാനിഫ് ശ്രമം തുടങ്ങിയിരുന്നെന്നും പോലീസ് കണ്ടെത്തി. മൃതദേഹം ഏറ്റെടുക്കാന്‍ അശ്വതിയുടെ ആദ്യ പങ്കാളിയായ കണ്ണൂര്‍ സ്വദേശി തയാറായില്ല. അശ്വതിയുടെ ബന്ധുക്കളടക്കം ആരും ഏറ്റെടുക്കാനില്ലാതിരുന്ന കുഞ്ഞിന്റെ മൃതദേഹം കൊച്ചി കോര്‍പ്പറേഷന്റെയും പോലീസിന്റെയും നേതൃത്വത്തിലാണ് സംസ്‌കരിച്ചത്.