കൊല്‍ക്കത്ത: ലിവ് ഇന്‍ പങ്കാളിയെ കുത്തിക്കൊന്ന് യുവതി പൊലീസില്‍ കീഴടങ്ങി. കൊല്‍ക്കത്തയിലാണ് സംഭവം. സംഭവി പോള്‍ എന്ന യുവതിയാണ് കാമുകനായ സാര്‍ത്ഥക് ദാസിനെ കൊലപ്പെടുത്തിയത്.
ഡംഡം ഏരിയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച നടന്ന സംഭവം സംഭവി പോള്‍ തന്നെയാണ് പോലീസിനെ അറിയിച്ചത്. ഫോട്ടോഗ്രാഫറായ സാര്‍ത്ഥക് ദാസിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ചോദ്യം ചെയ്യലില്‍ സംഭവി പോള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ”ഞങ്ങള്‍ യുവതിയെ അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിനുപയോഗിച്ച ആയുധം പിടിച്ചെടുക്കുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു. ബരാക്പൂര്‍ സൗത്ത് സോണ്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് അനുപം സിംഗ് പറഞ്ഞു.
മുപ്പത് വയസ്സുള്ള ഇരുവരും ഒന്നര വര്‍ഷത്തോളമായി ഒരുമിച്ചു ജീവിച്ചു വരികയായിരുന്നു. സംഭവി പോളിന്റെ മുന്‍ വിവാഹത്തിലെ ഇളയ മകനുമായാണ് അവര്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്നത്. ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.
പതിവുപോലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ദേഷ്യം മൂത്ത സംഭവി സാര്‍ത്ഥക് ദാസിനെ കത്തികൊണ്ട് കുത്തുകയുമായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല, അന്വേഷണം പുരോഗമിക്കുകയാണ്.