ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിക്കു പുറമെ ദക്ഷിണേന്ത്യയിൽ മത്സരിക്കാനൊരുങ്ങുന്നത് കേരളത്തിലടക്കം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. തമിഴ്നാട്ടിലെ രാമനാഥപുരത്തു നിന്ന് മോഡി മത്സരിക്കുമെന്നാണ് വിവരം.
ഇതോടെ ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാവുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയിൽ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് മോദിയുടെ ദക്ഷിണേന്ത്യയിലെ സ്ഥാനാർത്ഥിത്തമായിരിക്കും.
പുതിയ പാർലമെന്റ് മന്ദിരത്തിൽ തമിഴ്നാട്ടിൽ നിന്ന് ചെങ്കോൽ കൊണ്ടുവന്ന് സ്ഥാപിച്ചത് അടക്കം അടുത്തകാലത്ത് തമിഴ്നാടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും ബി.ജെ.പിയും നൽകുന്ന പരിഗണന മോദിയുടെ സ്ഥാനാർത്ഥിത്വം മുന്നിൽ കണ്ടാണെന്ന് പറയപ്പെടുന്നു. ഇക്കഴിഞ്ഞ ജനുവരിയിലെ തിരുച്ചിറപ്പള്ളി സന്ദർശനത്തോടെയാണ് അഭ്യഹങ്ങൾ ശക്തമായതും. ഒരു മാസത്തിനിടെ അദ്ദേഹം മൂന്നു തവണ സംസ്ഥാനത്തെത്തി.
സിറ്റിംഗ് സീറ്റായ വാരാണസിയും തമിഴ്നാടും തമ്മിലുള്ള സാംസ്കാരിക ബന്ധം വിശദീകരിക്കുന്ന ‘തമിഴ്-കാശി സംഗമം’ പരിപാടികൾ സംഘടിപ്പിച്ചതും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് വിലയിരുത്തപ്പെട്ടു.
മോദിക്കായി ബി.ജെ.പി തമിഴ്നാട് ഘടകമാണ് പാർട്ടിക്ക് അടിത്തറയുള്ള രാമനാഥപുരം നിർദ്ദേശിച്ചത്. ഒപ്പം 2014ൽ ജയിച്ച കന്യാകുമാരിയും കോയമ്പത്തൂരും പരിഗണനയിലുണ്ട്. രാമനാഥപുരത്തെ ജനസംഖ്യയിൽ 77 ശതമനവും ഹിന്ദുക്കളാണ്.
ക്ഷേത്ര നഗരവും പ്രധാന തീർത്ഥാടന കേന്ദ്രവുമായ രാമേശ്വരവും മണ്ഡലത്തിൽ ഉൾപ്പെടുന്നു. അതേസമയം മുസ്ളീം പ്രാതിനിധ്യവും കൂടുതലാണ്. 2019ലെ തിരഞ്ഞെടുപ്പിൽ മുസ്ളീം ലീഗ് സ്ഥാനാർത്ഥി നവാസ് കനിയാണ് ജയിച്ചത്(44 ശതമാനം വോട്ട്). ബി.ജെ.പി രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു(32ശതമാനം വോട്ട്).
മോദി ദക്ഷിണ തമിഴ്നാട്ടിൽ മത്സരിക്കുന്നത് കേരളത്തിൽ തിരുവനന്തപുരം, തൃശൂർ, പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളിൽ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. തിരുവനന്തപുരത്ത് ശശിതരൂരിനെ എതിരിടാൻ സൗമ്യ മുഖമുള്ള കുമ്മനം രാജശേഖരനെ വീണ്ടും പരീക്ഷിച്ചേക്കും. തൃശൂരിൽ സുരേഷ് ഗോപിയാവും മത്സരിക്കുക.
ഏറെ പ്രതീക്ഷയുള്ള പാലക്കാട്ട് വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥി വരും. തമിഴ്നാട്ടിൽ സ്ഥാനാർത്ഥിയായാൽ മോഡി ഇഫക്ട് കേരളത്തിലുമുണ്ടാവുമെന്നും അക്കൗണ്ട് തുറക്കാനാവുമെന്നും ബിജെപി കണക്കുകൂട്ടുന്നു. കേരളത്തിൽ ഇത്തവണ രണ്ടക്കത്തിൽ അക്കൗണ്ട് തുറക്കുമെന്നാണ് തിരുവനന്തപുരത്തെ യോഗത്തിൽ മോദി പറഞ്ഞത്.
മോദി മത്സരിച്ചാൽ പാർട്ടിക്ക് ഉപരിയായി എല്ലാവരും വോട്ടു ചെയ്യുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. ബി.ജെ.പിക്ക് ശക്തമായ അടിത്തറയുണ്ടെന്ന് സംസ്ഥാനത്ത് അദ്ധ്യക്ഷൻ അണ്ണാമലൈ അവകാശപ്പെടുന്നു. മോദി മത്സരിച്ചാൽ പ്രവർത്തകരുടെ ആത്മവീര്യം വർദ്ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതേസമയം 20 വർഷത്തിനിടെ സംസ്ഥാനത്ത് ഒരു സീറ്റ് മാത്രം ലഭിച്ച (2014ൽ) സംസ്ഥാനം മോദിക്ക് സുരക്ഷിതമല്ലെന്ന വിലയിരുത്തലുമുണ്ട്. ഡി.എം.കെ, കോൺഗ്രസ് അടക്കം ‘ഇന്ത്യ’ കക്ഷികൾ ശക്തവുമാണ്.