ഡൽഹി: ഇന്ത്യയുമായി തെറ്റിപ്പിരിഞ്ഞ് മാലിദ്വീപ് മുന്നോട്ടു പോവുന്നതിനിടെ, സമുദ്ര സുരക്ഷയിൽ ഇന്ത്യയുടെ പങ്കാളിയായി മൗറീഷ്യസ് മാറുകയാണ്. മൗറീഷ്യസുമായുള്ള സൈനിക സഹകരണത്തിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിലെ അജയ്യ ശക്തിയായി ഇന്ത്യൻ നാവിക സേന മാറും. തിരുവനന്തപുരം സ്വദേശിയായ അഡ്മിറൽ ഹരികുമാറാണ് നാവികസേനാ മേധാവി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നാവികസേന കരുത്താർജ്ജിക്കുന്നത്.
മാലിദ്വീപിന് തെക്കുപടിഞ്ഞാറുള്ള മൗറീഷ്യസിൽ ഇന്ത്യ എയർസ്ട്രിപ്പുകൾ നിർമ്മിക്കും. അവിടെ വിമാനവും ഹെലികോപ്ടറും ഇറക്കാനും കടലിൽ 24മണിക്കൂർ നിരീക്ഷണത്തിനും ഇതിലൂടെ സാധിക്കും. പട്രോളിംഗ് ബോട്ടുകൾ താവളമൊരുക്കാൻ ആധുനിക ജെട്ടിയും അവിടെ പണിഞ്ഞു. മോഡിയും മൗറീഷ്യസ് പ്രധാനമന്ത്രിയും ചേർന്നാണ് ഇവ ഉദ്ഘാടനം ചെയ്തത്.
ഇതിനു പുറമെ ലക്ഷദ്വീപിൽ നാവിക താവളങ്ങൾ നിർമ്മിക്കുകയാണ് ഇന്ത്യ. അഗത്തിയിലും മിനിക്കോയിലുമാണ് എയർബേസ് ഉൾപ്പടെയുള്ള നാവിക താവളങ്ങൾ നിർമ്മിക്കുന്നത്. അഗത്തിയിൽ നിലവിൽ നാവികത്താവളമുണ്ട്. ഇത് നീളംകൂട്ടി വികസിപ്പിക്കും. മിനിക്കോയിലാണ് പുതിയത് ആരംഭിക്കുന്നത്.
ഐ.എൻ.എസ് ജടായു എന്ന് പേരിട്ട സൈനികതാവളം മാർച്ചിൽ നിർമ്മാണം തുടങ്ങും. യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക വിമാനങ്ങള്‍ക്കും യാത്രാവിമാനങ്ങള്‍ക്കും പറന്നിറങ്ങാനും പറന്നുയരാനുമുള്ള സൗകര്യം വിമാനത്താവളത്തിലുണ്ടാകും. ലക്ഷദ്വീപിലെ മിനിക്കോയിയിൽ നിലവിലുള്ള ചെറുതാവളം വിപുലമാക്കി അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യും.
സൈനിക ആവശ്യങ്ങൾക്കുതകുന്ന രീതിയിൽ വിമാനത്താവളം വരുന്നതോടെ സമുദ്ര മേഖലകളിലെ സൈനിക നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയും. പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ് ഗാര്‍ഡിന്റെ ഭാഗത്തു നിന്നാണ് മിനിക്കോയിയില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള നിര്‍ദേശം ആദ്യം ഉയര്‍ന്നത്.
മിനിക്കോയിയിലേക്കു കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ വ്യോമസേന ആരംഭിച്ചുകഴിഞ്ഞു. നിലവില്‍ ലക്ഷദ്വീപിലെ വിമാനത്താവളം അഗത്തിയിലാണുള്ളത്. എന്നാല്‍ സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ എല്ലാത്തരത്തിലുമുള്ള വിമാനങ്ങള്‍ക്ക് അഗത്തിയില്‍ ഇറങ്ങാനാകില്ല.
സമുദ്ര സുരക്ഷയുടെ കാര്യത്തിൽ നിർണായക ചുവടുവപ്പിനാണ് തുടക്കം കുറിക്കുന്നത്. ഐ.എൻ.എസ് വിക്രമാദിത്യ, ഐ.എൻ.എസ് വിക്രാന്ത് എന്നിവ ഉൾപ്പെടെ 15 ഓളം യുദ്ധക്കപ്പലുകൾ ഉൾപ്പെടുന്ന കപ്പൽ വ്യൂഹത്തെയും ലക്ഷദ്വീപ് കടലിൽ നിരീക്ഷണത്തിന് നിയോഗിക്കും.
പുതിയ സേനാത്താവളങ്ങൾ നിർമ്മിക്കുന്നതിലൂടെ ഇന്തോ പസഫിക് മേഖലയിലെ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
ചരക്ക് നീക്കത്തെ മാത്രമല്ല ലക്ഷദീപിന്റെ അടിസ്ഥാന സൗകര്യ നവീകരണത്തിനും ടൂറിസത്തിനും പുതിയ പദ്ധതികൾ ശക്തിപകരും. മാലദ്വീപിൽ നിന്ന് 524 കിലോമീറ്റർ മാത്രം അകലെയാണ് മിനിക്കോയ് ദ്വീപ്. മിനിക്കോയിയിൽ പുതിയൊരു എയർസ്ട്രിപ്പ് താമസിയാതെ നിർമിക്കും.