പല വൈറസുകളും ഇന്ന് മനുഷ്യൻ്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നുണ്ട്. ഇത് മൂലം ശരീരം നേരിയ ലക്ഷണങ്ങൾ സൂചിപ്പിക്കുന്നത് മുതൽ കഠിനമായ ആരോഗ്യ പ്രശ്നങ്ങള്‍ വരുത്തുകയും പല അവയവങ്ങളെ നശിപ്പിക്കുകയും ചിലപ്പോള്‍ മരണം വരെ സംഭവിക്കുകയും ചെയ്യും. കൊവിഡ് 19 അതിനൊരു ഉദാഹരണമാണ്.
ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുന്ന വൈറസാണ് എച്ച്.ഐ. വി. ഈ വൈറസിന്റെ പ്രവര്‍ത്തനം മൂലം പ്രതിരോധശേഷി തകരാറിലാവുകയും വിവിധ രോഗാണുക്കള്‍ ശരീരത്തെ ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. മനുഷ്യ ശരീരത്തിലെ പ്രതിരോധ സംവിധാനത്തില്‍ സുപ്രധാനമായ പങ്കുവഹിക്കുന്ന ശ്വേതരക്താണുവായ CD4 കോശങ്ങളെ ആണ് എച്ച്.ഐ.വി നശിപ്പിക്കുന്നത്. ഇതു മൂലം എയ്ഡ്സ് രോഗം പിടിപ്പെടാം.
കാലാവസ്ഥ മാറുന്നതനുസരിച്ച് വിവിധ തരം  ഇൻഫ്ലുവൻസ വൈറസ് പിടിപ്പെടാം.  ഇതു മൂലം പനിയും ശ്വാസംമുട്ടലും പലരിലും നീണ്ടുനിൽക്കുകയും ചെയ്യുന്നു. കുട്ടികളെയും മുതിര്‍ന്നവരെയും ഇത് ഒരു പോലെ ബാധിക്കും. 
എബോള വൈറസ് രോഗം അഥവാ എബോള ഹീമോർഹാജിക് മനുഷ്യരിലും മറ്റു മൃഗങ്ങളിലും പടരുന്ന ഒരുതരം പനിയാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ആഴ്ച്ചയ്ക്ക് ശേഷം പനി, വരണ്ട തൊണ്ട, പേശി വേദന, തലവേദന എന്നീ ലക്ഷണങ്ങൾ പ്രകടമാവും. പെട്ടന്നു തന്നെ കരളും വൃക്കയും തകരാറാവും.
ഡെങ്കി, ചിക്കുൻ‌ ഗുനിയ തുടങ്ങിയവ‌ പരത്തുന്ന അതേ ഇനമായ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുക് പരത്തുന്ന രോഗമാണ് സിക വൈറസ്. പനി, ശരീരത്തില്‍ ചുവന്ന പാടുകൾ, തലവേദന, ഛർദ്ദി, സന്ധിവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്നാം ദിവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാതശിശുവിന് ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. 
വൈറൽ ഹെപ്പറ്റൈറ്റിസിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നതും സങ്കീർണ്ണതകൾ നിറഞ്ഞതുമായ വൈറസാണ് ഹെപ്പറ്റൈറ്റിസ് ബി. രോഗബാധിതരായ ആളുകളുടെ രക്തം, മറ്റു ശരീരശ്രവങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ രോഗങ്ങൾ പ്രധാനമായും പകരുന്നത്. ഹെപ്പറ്റൈറ്റിസ് ബി ചില രോഗികളിൽ ദീർഘകാലം നീണ്ടുനിൽക്കുന്നത് ലിവര്‍ സിറോസിസിനും ലിവര്‍ ക്യാന്‍സറിനുമൊക്കെ കാരണമാകും.  
ഈഡിസ് കൊതുകുകള്‍ വഴി പകരുന്ന രോഗമാണ് ഡെങ്കിപ്പനി. ‘ആര്‍ബോവൈറസ്’ വിഭാഗത്തില്‍പ്പെടുന്ന ഫ്ളാവിവൈറസുകളാണ് രോഗത്തിന് കാരണമാവുന്നത്. രോഗാണുവാഹകനായ കൊതുക് കടിച്ച് ഏകദേശം മൂന്ന് മുതല്‍ അഞ്ച് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണുകളുടെ പുറക് വശത്തെ വേദന, സന്ധികളിലും പേശികളിലും വേദന, വിട്ടുമാറാത്ത ക്ഷീണം എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍.
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ‘വൊമിറ്റിങ് ബഗ്’ എന്ന പേരിലും ഈ വൈറസ് അറിയപ്പെടുന്നു. ഛർദ്ദി, വയറുവേദന, വയറിളക്കം, മനംമറിച്ചില്‍, ഉയർന്ന പനി, തലവേദന, കൈകാൽ വേദന, ശരീര വേദന തുടങ്ങിയവയാണ് നോറോ വൈറസിന്‍റെ രോഗ ലക്ഷണങ്ങൾ. 

By admin

Leave a Reply

Your email address will not be published. Required fields are marked *