സഹാറന്‍പൂര്‍: പരീക്ഷ എഴുതാന്‍ പോയ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം സുഹൃത്തായ പെണ്‍കുട്ടിയുടെ വീടിന് പുറത്ത് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ ജില്ലയിലെ സിറ്റി കോട്വാലിയിലെ മോര്‍ഗഞ്ച് പ്രദേശത്താണ് സംഭവം. പെണ്‍കുട്ടിയുടെ കുടുംബത്തിന് മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബം രംഗത്തെത്തി.
സിറ്റി കോട്വാലിയിലെ രാധാവിഹാര്‍ നിവാസിയായ കൗമാരക്കാരന്‍ ബോര്‍ഡ് പരീക്ഷയ്ക്കായാണ് റൂര്‍ക്കിയിലേക്ക് പോയത്. പിന്നീട് വിദ്യാര്‍ത്ഥി വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. തുടര്‍ന്ന് ആശങ്കയിലായ കുടുംബാംഗങ്ങള്‍ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിച്ചത്.
ഇരയുടെ സുഹൃത്തുക്കളില്‍ നിന്നുള്ള സൂചനകളെ തുടര്‍ന്ന്, മോര്‍ഗഞ്ചിലെ ഒരു വീടിന് പുറത്ത് കുടുംബം നടത്തിയ അന്വേഷണത്തില്‍ മൃതദേഹം നിലത്ത് കിടക്കുന്നതായി കണ്ടെത്തി. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കൗമാരക്കാരന്‍ മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു.
ഇരയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടിലെ പെണ്‍കുട്ടിയും വിഷം കഴിച്ച് ആശുപത്രിയിലാണ്. പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സിറ്റി കോട്വാലി പോലീസ് ഉദ്യോഗസ്ഥര്‍ ഇരയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയക്കുകയും വിഷയത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇരയുടെ കുടുംബം നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. മരിച്ചയാളും പെണ്‍കുട്ടിയും പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.