കോഴിക്കോട്: മുഖ്യമന്ത്രി അവതരിപ്പിക്കുന്ന മുഖാമുഖം പരിപാടിയിലേക്ക് എഴുതികൊടുക്കുന്ന ചോദ്യങ്ങൾ വായിക്കുന്ന സാഹിത്യകാരന്മാർക്ക് മാത്രം ക്ഷണമെന്ന ആരോപണവുമായി രമേശ് ചെന്നിത്തല.
ഇവിടെ സാഹിത്യകാരനായ കല്പറ്റ നാരായണനെ പരിഗണിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഐ മൂസ്സ എഴുതിയ ‘ഇന്ത്യൻ റിപ്പബ്ലിക് നേരിടുന്ന ഫാസിസ്റ്റ് വെല്ലുവിളികൾ’ എന്ന പുസ്തകം പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തത്തമേ പൂച്ച പൂച്ച എന്ന് പറഞ്ഞ് പഠിപ്പിക്കും പോലെയാണ് എഴുത്തുകാരെ അധികാരികള്‍ക്ക് മുന്നിലും ലിറ്റററി ഫെസ്റ്റിവലിലും കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പല സമയങ്ങളിലും എഴുതികൊടുക്കുന്ന ചോദ്യങ്ങൾ തന്നെയാണ് പല സാഹിത്യകാരന്മാരും ചോദിക്കുന്നത്. വളരെ കൃത്യമായി ചോദ്യങ്ങൾക്ക് ഉള്ള ഉത്തരവും അവരുടെ പക്കൽ ഉണ്ടാകും. അവിടെ അഭിപ്രായങ്ങൾ പറയുന്ന കല്പറ്റ നാരായണനെ പോലെ ഉള്ളവരെ അടുപ്പിക്കുന്നില്ലെന്നും രമേശ് ചെന്നിതല പറഞ്ഞു.
എന്നാൽ മറ്റ് വിഷയങ്ങൾ കൊണ്ട് ശ്രദ്ധ തിരിച്ച് വിട്ട് പൂക്കോട്ട് വെറ്ററിനറി കോളേജിൽ കൊല്ലപ്പെട്ട സിദ്ധാര്‍ഥനെ അനാഥനാക്കരുതെന്നും സിദ്ധാര്‍ഥന് നീതി വാങ്ങി കൊടുക്കണമെന്നും കല്പറ്റ നാരായണന്‍ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു.
‘ഏത് പടലപ്പിണക്കങ്ങള്‍ക്കിടയിലും അപരാധം ചെയ്യുന്ന മറ്റൊരാളെ തിരിച്ചറിയുന്ന സ്വാതന്ത്ര്യം ഗാന്ധിജിയുടെ സ്വരാജില്‍ വിശ്വസിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കുണ്ടെ’ന്നും കല്പറ്റ പറഞ്ഞു.