ബെംഗളൂരു: ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ വെള്ളിയാഴ്ചയുണ്ടായ സ്‌ഫോടനത്തിൻ്റെ നടുക്കം വിട്ടുമാറാതെ പട്‌ന സ്വദേശിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ കുമാർ അലംകൃത്. കഫേയിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അമ്മയുടെ ഫോൺകോൾ എടുക്കാൻ പുറത്തേക്കിറങ്ങിയതാണ് യുവാവിനെ രക്ഷിച്ചത്.
ഫോണിൽ സംസാരിക്കുന്നതിനിടെ വലിയ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് കഫേയിൽ പുക നിറഞ്ഞതാണ്. ഇത്രയും ഭയാനകമായ ഒരു രംഗം താൻ മുമ്പ് കണ്ടിട്ടില്ലെന്നും അലംകൃത് പറയുന്നു. കഫേ സ്‌ഫോടനത്തിൻ്റെ ആദ്യ വീഡിയോ ഷെയർ ചെയ്ത വ്യക്തിയാണ് ഇയാൾ. സ്‌ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
‘ഞാൻ ഒരു ഇഡ്ഡലിയും ഒരു ദോശയും ഓർഡർ ചെയ്തിരുന്നു. ഇഡ്ഡലി തീർത്ത് ഞാൻ ദോശ കൗണ്ടറിന് പിന്നാലെ പോയി. ദോശ പിക്കപ്പ് പോയിൻ്റിന് സമീപമുള്ള സ്ഥലത്താണ് ഞാൻ സാധാരണയായി ഇരിക്കുന്നത്. എന്നാൽ ഇന്ന് ദോശ കഴിച്ചയുടൻ അമ്മയുടെ വിളി വന്നു. കഫേയ്ക്കുള്ളിൽ വലിയ ബഹളം ഉണ്ടായിരുന്നു.
ഞാൻ ഭക്ഷണ കൗണ്ടറിൽ നിന്ന് 10-15 മീറ്റർ അകലെ പോയി. ഞാൻ അമ്മയോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കുറച്ച് നിമിഷങ്ങൾക്ക് ശേഷം പെട്ടെന്ന് പുറകിൽ നിന്ന് ഒരു വലിയ ശബ്ദം കേട്ടു. എൻ്റെ ജീവിതത്തിൽ ഇത്രയും വലിയ ശബ്ദം ഞാൻ കേട്ടിട്ടില്ല. അടുക്കളയിൽ നിന്ന് ഒരുപാട് പുക ഉയരുന്നത് ഞാൻ കണ്ടു.’
രാമേശ്വരം കഫേയുടെ വൈറ്റ്ഫീൽഡ് ശാഖയിൽ ഉച്ചഭക്ഷണത്തിന് പോയതായിരുന്നു അലംകൃത്. സ്‌ഫോടനത്തിൽ 15-ലധികം പേർക്ക് പരിക്കേറ്റതായി ഇയാൾ അവകാശപ്പെടുന്നു. പലർക്കും പൊള്ളലേറ്റതും ചെവിയിൽ നിന്ന് രക്തം വരുന്നതും താൻ കണ്ടെന്നും സ്ഫോടന ശേഷം കഫേയിൽ ആകെ തിക്കും തിരക്കുമായെന്നും ഇയാൾ ഓർത്തെടുത്തു.
ഒരു സ്ത്രീയുടെ വസ്ത്രങ്ങൾ പിന്നിൽ നിന്ന് കീറി. ഒരാളുടെ തലയിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. 80 വയസ്സുള്ള രണ്ട് സ്ത്രീകൾ രക്തം വാർന്നു കിടന്നു. ആളുകൾ അവരെ ബാൻഡേജുകൾ കൊണ്ട് കെട്ടുകയായിരുന്നുവെന്നും യുവാവ് കൂട്ടിച്ചേർത്തു. 

By admin

Leave a Reply

Your email address will not be published. Required fields are marked *