ഇംഫാല്‍: അടുത്തിടെ നടന്ന ചുരാചന്ദ്പൂര്‍ തീവെപ്പ് സംഭവവുമായി ബന്ധപ്പെട്ട് എട്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതില്‍ രണ്ട് കേസുകള്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്.
തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതിനാല്‍ രണ്ട് കേസുകളും സിബിഐക്ക് വിട്ടിരിക്കുകയാണ്. ഇതുവരെ 20 പേര്‍ തീവെപ്പില്‍ ഉള്‍പ്പെട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബിരേന്‍ സിംഗ് പറഞ്ഞു. 12ാം മണിപ്പൂര്‍ നിയമസഭയുടെ അഞ്ചാം സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ വിവരം പങ്കുവെച്ചത്.
ചോദ്യോത്തര വേളയില്‍ എംഎല്‍എ കെ രഞ്ജിത്തിന്റെ ചോദ്യത്തിന് മറുപടിയായി സംഘര്‍ഷത്തിനിടെ ഒമ്പത് പോലീസുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും 98 പേര്‍ക്ക് പരിക്കേറ്റതായും മുഖ്യമന്ത്രി ബിരേന്‍ സിംഗ് പ്രസ്താവിച്ചു.
സംഘര്‍ഷത്തില്‍ മൂന്ന് കേന്ദ്രസേന ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, 69 പേര്‍ക്ക് പരിക്കേറ്റു, എട്ട് പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളിലെ അടുത്ത ബന്ധുക്കള്‍ക്ക് എക്സ്‌ഗ്രേഷ്യ നല്‍കിയിട്ടുണ്ടെന്നും പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.