കൽപ്പറ്റ: വയനാട്ടിലെ പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ വിദ്യാർത്ഥി സിദ്ധാർത്ഥ് അതിക്രൂരമായ റാഗിംഗിനെത്തുടർന്ന് മരിച്ച സംഭവത്തിൽ കോളേജിലെ ഡീൻ നാരായണനെയും സസ്പെൻഡ് ചെയ്യും. സി.പി.ഐക്കാരനായ ഡീനിനെ സംരക്ഷിക്കുന്ന നിലപാട് പരസ്യമായി പറഞ്ഞ് മന്ത്രി ജെ.ചിഞ്ചുറാണി കഴിഞ്ഞദിവസം രംഗത്ത് എത്തിയിരുന്നു.
എന്നാൽ സ്വന്തം നിലയിൽ അന്വേഷിച്ച് ഡീനിന്റെ വീഴ്ചകൾ മനസിലാക്കിയ ഗവർണർ ഡീനിനെ സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഡീനിനെ മാറ്റിനിർത്തി അന്വേഷിക്കണമെന്നും സസ്പെൻഡ് ചെയ്യണമെന്നും സിദ്ധാർത്ഥിന്റെ പിതാവ് ആവശ്യപ്പെട്ടു.
കുട്ടിയുടെ മരണവിവരം മാതാപിതാക്കളെ അറിയിക്കാത്തതിൽ ഡീനിന്റെ ഭാഗത്ത് വീഴ്ചയുണ്ട് . എന്നാൽ സംഭവത്തിൽ അദ്ദേഹത്തിന്റെ ഇടപെടലില്ല. മന്ത്രി ചിഞ്ചുറാണി പറഞ്ഞതിങ്ങനെയായിരുന്നു.
പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണ വിവരം കോളേജിലെ ഡീൻ എം.കെ. നാരായണൻ അറിഞ്ഞിട്ടും പ്രതികളെ സംരക്ഷിക്കാൻ കൂട്ടുനിന്നെന്ന ആരോപണവുമായി സിദ്ധാർത്ഥിന്റെ പിതാവ് ടി. ജയപ്രകാശ് രംഗത്തെത്തിയിട്ടുണ്ട്.
ഡീൻ നാരായണൻ കുട്ടികളെ സ്നേഹിക്കുന്ന മനുഷ്യനാണെന്നും ഇദ്ദേഹത്തിന്റെ ഇടപെടൽ ഇക്കാര്യത്തിലില്ലെന്നും കോളേജിന്റെ പ്രോ ചാൻസലറായ മന്ത്രി ചിഞ്ചുറാണി വിശദീകരണംനൽകി . ഇതോടെ, സ്വന്തം പാർട്ടിക്കാരനായ ഡീനിനെ മന്ത്രി സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി.
എസ് .എഫ്.ഐ പ്രവർത്തകരാണ് സിദ്ധാർത്ഥിന്റെ മരണത്തിന് ഉത്തരവാദികളെന്നും ഇവരെ സി.പി.എം സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും കഴിഞ്ഞ ദിവസം ജയപ്രകാശ് ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയോടാണ് ഇദ്ദേഹം ആരോപണം അക്കമിട്ട് നിരത്തിയത്. ഡീനിന്റെ പങ്കിനെക്കുറിച്ചും അദ്ദേഹംകഴിഞ്ഞ ദിവസം പിതാവ് വ്യക്തമാക്കിയിരുന്നു.
സർവകലാശാലയിലെ ഡീൻ പ്രതികളെ സംരക്ഷിക്കാൻ കൂട്ടുനിൽക്കുകയാണ്’ ,മരണ സംഭവമറിഞ്ഞ് അവിടെ എത്തിയ എന്റെ ഭാര്യാ സഹോദരനോട് ഡീൻ പറഞ്ഞത്, സിദ്ധാർത്ഥിന് പ്രണയബന്ധം ഉണ്ടായിരുന്നുവെന്നാണ് .
എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം വീട്ടിൽ വരാൻ അദ്ദേഹം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. തെറ്റ് ചെയ്യാത്തവർ എന്തിനാണ് പൊലീസ് സംരക്ഷണയിൽ വരുന്നത്. വീട്ടിൽ വന്നുപോയതല്ലാതെ സംഭവത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ തയ്യാറായില്ല.”- ജയപ്രകാശ് പറഞ്ഞു.
ഡീനിനെ സർവീസിൽ നിന്ന് മാറ്റി നിറുത്തി അന്വേഷിക്കണമെന്ന് പറഞ്ഞിട്ടും വി.സി നടപടിയെടുത്തില്ല. എല്ലാവരും ഒറ്റക്കെട്ട്. കൊല മറച്ചുവച്ചതും കൂട്ടുനിന്നതും ഡീനാണ്. അയാളെ പിരിച്ചുവിടണം.
ജോലിയിൽ നിന്ന് മാറ്റിനിർത്തി അന്വേഷിക്കണം. ബോധം കെട്ടപ്പോൾ തൂക്കിലേറ്റിയതാണെന്നും തെളിവു നശിപ്പിക്കാൻ ശ്രമിച്ചെന്നും വിവരമുണ്ട്. വാർഡനും കുറ്റക്കാരനാണ്. ഗവർണർ ശക്തനാണ്. നട്ടെല്ലുള്ള ആൾ. അതിനാലാണ് നടപടിയെടുത്തത്. ഗവർണറുടെ ജോലി എന്താണെന്ന് അദ്ദേഹം തെളിയിച്ചു. ഗവർണറുടെ നടപടിയിൽ തൃപ്തിയുണ്ട്- സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു.
സിദ്ധാർത്ഥിനെ മൂന്നു ദിവസം മുറിയടച്ച് ഒരു തുള്ളി വെള്ളംപോലും കുടിക്കാൻ നൽകാതെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തിട്ടും അസിസ്റ്റന്റ് വാർഡൻ അറിയാതെ പോയി എന്നതിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്. കോളേജ് ഹോസ്റ്റലിൽ നടക്കുന്ന വിവരങ്ങൾ വാർഡൻ ഡീനിനെയും രജിസ്‌ട്രാറെയും അറിയിക്കേണ്ടതാണ്. ഇതിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ സർവ്വകലാശാല പരിശോധിക്കണമെന്നതാണ് നിയമം.
ഇതിനായി ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും വേണം . എന്നാൽ ഇക്കാര്യം ഇതുവരെയുണ്ടായിട്ടില്ല. സർവകലാശാലയിൽ റാഗിങ് ഉണ്ടാകുന്നില്ലെന്ന് എല്ലാ മാസവും രജിസ്ട്രാർ യു.ജി.സി യെ അറിയിക്കാറുണ്ട്. എന്നാൽ വേണ്ടത്ര പരിശോധന നടത്താതെയും ലഭിക്കുന്ന പരാതികൾ പൂഴ്‌ത്തിവച്ചുമാണ് റിപ്പോർട്ട് നൽകുന്നതെന്നാണ് വ്യക്തമാകുന്നത്. ഇത്രവും വിവാദമായ സംഭവം ഉണ്ടായി 12 ദിവസം പിന്നിട്ടിട്ടും സർവകലാശാല ഇതുസംബന്ധിച്ച് അന്വേഷണം പ്രഖ്യാപിട്ടില്ല .
സിദ്ധാർത്ഥിന് ഒരു രാഷ്ട്രീയ പാർട്ടിയുമായോ വിദ്യാർത്ഥി സംഘനയായോ ബന്ധമില്ലെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ ടി.ജയപ്രകാശ്.സിദ്ധാർത്ഥൻ എസ് .എഫ്.ഐ പ്രവർത്തനാണെന്ന പേരിൽ വീടിന് മുന്നിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ആദരാഞ്ജലി അർപ്പിച്ചു സ്ഥാപിച്ച ബോർഡിനെ പരാമർശിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. ‘അവർ തന്നെ കൊന്നിട്ട്,ബോർഡ് വച്ചേക്കുകയാണ്.’
പത്താം ക്‌ളാസ് വരെ സി.ബി.എസ് .ഇ സ്‌കൂളിൽ പഠിച്ചപ്പോൾ സ്‌കൂളിൽ വിദ്യാർത്ഥി സംഘടന ഉണ്ടായിരുന്നില്ല.പിന്നെ രണ്ടുവർഷം എൻട്രൻസിനുള്ള പരിശീലനം. അപ്പോഴും പാർട്ടിബന്ധമില്ല. വെറ്ററിനറി സർവകലാശാലയിൽ പോയശേഷവും ഒരു സംഘടനയിലും അംഗമായില്ല. അംഗമായിരുന്നെകിൽ ഇതൊന്നും വരുമായിരുന്നില്ല.- അദ്ദേഹം പറഞ്ഞു.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ ഉള്ളത് 24പേരാണ്. ജില്ലാപോലീസ്‌മേധാവി ടി നാരായണനാണ് അന്വേഷണം ഏകോപിപ്പിക്കുക. ഇതുവരെകേസ് അന്വേഷിച്ചിരുന്ന കൽപ്പറ്റ ഡി.വൈ.എസ്.പി ടി.എൻ സജീവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. വൈത്തിരി സി.ഐ ഉത്തംദാസ് , കൽപറ്റ സി.ഐ സായൂജ്കുമാർ, തലപ്പുഴ സി.ഐ അരുൺ ഷാ ,പടിഞ്ഞാറത്തറ സി.ഐ. സഞ്ജയകുമാർ , വൈത്തിരി എസ്.ഐ പ്രശോഭ് എന്നിവർ അടക്കം 24പേർ അന്വേഷണ സംഘത്തിലുണ്ട്.
ദിവസേനകേസിന്റെ പുരോഗതി വിലയിരുത്തി ഡി ജി പിക്ക് റിപ്പോർട്ട് നൽകും. ഇതു സംബന്ധിച്ച് സർക്കാരിലേക്കും റിപ്പോർട്ട് നൽകും. ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ പ്രതികളെയും പിടികൂടുകയാണ് അന്വേഷണ സംഘത്തിന് മുൻപിലെ ലക്ഷ്യം.കേസിൽ കുറ്റകൃത്യത്തിൽനേരിട്ട് പങ്കാളികളായ 20 ഓളംപേർ ഉണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ11പേർ നിലവിൽ അറസ്റ്റിലായി.
ബാക്കി പത്തുപേരെ ഒരാഴ്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്യും. മൊബൈൽഫോൺകേന്ദ്രീകരിച്ചും പ്രതികളുടെ വീട് ബന്ധുവീട് സുഹൃത്തുക്കളുടെ വീട് എന്നിവിടങ്ങളിലുമാണ് അന്വേഷണം നടക്കുന്നത്. എത്രയുംവേഗം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.