കൊൽക്കത്ത: വരാനിരിക്കുന്ന ഐപിഎൽ 2024 സീസണിന് മുന്നോടിയായി തന്നെ രാഷ്ട്രീയ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് ഗൗതം ഗംഭീർ ബി ജെ പി മേധാവി ജെ.പി നദ്ദയോട് ആവശ്യപ്പെട്ടു. കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിൻ്റെ ഉപദേഷ്ടാവായി തൻ്റെ കാലാവധി ആരംഭിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് അഭ്യർഥന.
തൻ്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നുള്ള ട്വീറ്റിൽ, തൻ്റെ ക്രിക്കറ്റ് പ്രതിബദ്ധതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ചുമതലകളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നാണ് ഗംഭീർ ബിജെപി അധ്യക്ഷനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ജനങ്ങളെ സേവിക്കാൻ അവസരം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഗംഭീർ നന്ദി പറഞ്ഞു.
” എൻ്റെ രാഷ്ട്രീയ ചുമതലകളിൽ നിന്ന് എന്നെ ഒഴിവാക്കണമെന്ന് ബഹുമാനപ്പെട്ട പാർട്ടി പ്രസിഡൻ്റ് ജെ.പി നദ്ദയോട് ഞാൻ അഭ്യർത്ഥിച്ചു, അതിലൂടെ എനിക്ക് എൻ്റെ വരാനിരിക്കുന്ന ക്രിക്കറ്റ് പ്രതിബദ്ധതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.
എനിക്ക് ജനങ്ങളെ സേവിക്കാനുള്ള അവസരം നൽകിയതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി , ആഭ്യന്തര മന്ത്രി എന്നിവരോട് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ജയ് ഹിന്ദ്!” എക്‌സിൽ ഗംഭീർ ട്വീറ്റ് ചെയ്തു.