നുഹ്: ഹരിയാനയിലെ നുഹ് ജില്ലയില്‍ എട്ടുവയസുകാരിയായ മരുമകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ 27കാരനെ അറസ്റ്റ് ചെയ്തു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം ഗ്രാമത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വയലില്‍ കുഴിച്ചിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് പിതാവ് പോലീസിനെ സമീപിക്കുകയായിരുന്നു. താനും ഭാര്യയും ജോലിക്ക് പോയ സമയത്ത് ഉച്ചയ്ക്ക് മകള്‍ സുഹൃത്തുക്കളോടൊപ്പം കളിക്കുകയായിരുന്നുവെന്ന് പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ട്രക്ക് ഡ്രൈവറായ അബ്ബാസിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊന്ന് മൃതദേഹം വയലില്‍ കുഴിച്ചിട്ടതായി പ്രതി സമ്മതിച്ചു.
കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇയാള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. വയലില്‍ നിന്ന് പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായി ഫിറോസ്പൂര്‍ ജിര്‍ക്ക പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അമന്‍ കുമാര്‍ പറഞ്ഞു.