ഡല്‍ഹി: അതിതീവ്ര കാലാവസ്ഥാവ്യതിയാനംമൂലം ലോകത്ത് മാസം തികയാതെയുള്ള പ്രസവം 60 ശതമാനത്തോളം വര്‍ധിച്ചതായി വെളിപ്പെടുത്തല്‍. പശ്ചിമ ഓസ്‌ട്രേലിയയിലെ ഒരുസംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കാലാവസ്ഥാവ്യതിയാനത്തിന്റെ ദോഷം കുട്ടികളെയാണ് കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ടോട്ടല്‍ എന്‍വയണ്‍മെന്റ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇത്തരത്തിലുള്ള ലോകത്തെ ആദ്യത്തെ സമഗ്രപഠനമാണെന്നാണ് ഗവേഷകരുടെ അവകാശവാദം. ആഗോളതലത്തില്‍ ആരോഗ്യസംബന്ധിയായ 163 ഡേറ്റ ഗവേഷകസംഘം സൂക്ഷ്മവിശകലനത്തിന് വിധേയമാക്കി.
കുട്ടികളില്‍ വര്‍ധിക്കുന്ന ശ്വാസകോശരോഗങ്ങളും കാലാവസ്ഥാവ്യതിയാനത്തിന്റെ പാര്‍ശ്വഫലമാണ്. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നു. ശിശുമരണനിരക്ക്, കുട്ടികളുടെ മൊത്തത്തിലുള്ള രോഗാവസ്ഥ എന്നിവയെല്ലാം കൂടുന്നു.
സാമ്പത്തികസ്ഥിതി കുറഞ്ഞ രാജ്യങ്ങളിലെ കുട്ടികളെയാണ് ഇതേറെയും ബാധിക്കുന്നത്. ആരോഗ്യപരിരക്ഷയുടെ അഭാവം, അടിസ്ഥാനസൗകര്യങ്ങളില്ലായ്മ, ഭക്ഷ്യസുരക്ഷയില്ലായ്മ എന്നിവയെല്ലാം കാരണങ്ങളാണ്. 12,435.93 കോടിരൂപയാണ് ഒരു സീസണില്‍ കുട്ടികളുടെ ആസ്ത്മാ ചികിത്സയ്ക്കുമാത്രമായി ലോകത്ത് ചെലവിടേണ്ടിവരുന്നത്.
കാലാവസ്ഥാവ്യതിയാനം കൂടിവരുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഓരോ കുട്ടിയുടെയും ആസ്ത്മാ ചികിത്സയ്ക്കായി 19.54 ലക്ഷംരൂപ ചെലവിടേണ്ടിവരാം. ഫലപ്രദമായ പൊതുജനാരോഗ്യനയം, കാലാവസ്ഥയോടു പൊരുത്തപ്പെട്ട് ജീവിക്കാനാവശ്യമായ പരിശീലനം, കാലാവസ്ഥാവ്യതിയാനത്തെ ലഘൂകരിക്കാനാവശ്യമായ തന്ത്രങ്ങളാവിഷ്‌കരിക്കല്‍ എന്നിങ്ങനെയുള്ള പ്രതിരോധമാര്‍ഗങ്ങള്‍ അനിവാര്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.