റിയാദ്: മികച്ച മാധ്യമപ്രവർത്തകരെയും വാർത്താവതാരകരെയും സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ അലിഫ് ഇൻ്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ചുവരുന്ന വാരാന്ത വാർത്താവതരണമായ ‘അലിഫ് ന്യൂസ്’ 100 എപ്പിസോഡുകൾ വിജയകരമായി പൂർത്തിയാക്കി.
2021 ൽ ആരംഭിച്ച അലിഫ് ന്യൂസ് 100 എപ്പിസോഡുകൾ പൂർത്തിയാക്കിയതിന്റെ ആഘോഷ പരിപാടി ‘അലിഫ് ന്യൂസ് @ 100’ പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. സ്ഥിരോത്സാഹവും കഠിനാധ്വാനവുമാണ് ഈ അസുലഭ നിമിഷത്തിലേക്ക് എത്താൻ സഹായകമായതെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ആനുകാലികവിവരങ്ങൾ , ലോക വിശേഷങ്ങൾ, സൗദി വാർത്തകൾ എന്നിവയോടൊപ്പം ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ നൂതന അറിവുകൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വാരാന്ത്യം മുടങ്ങാതെ എത്തിക്കുന്നതിൽ അലിഫ് ന്യൂസ് ടീമിന്റെ മികവ് ഏറെ ശ്ലാഘനീയമാണെന്ന് അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഡയറക്ടർ ലുഖ്മാൻ അഹമ്മദ് അഭിപ്രായപ്പെട്ടു.
മികച്ച ന്യൂസ് അവതരണത്തിനുള്ള അവാർഡുകൾ തൗഫീഖ് റയ്യാൻ, നിവേദിത എസ് നായർ, ഫാദി പി, മുഹമ്മദ് ഉമൈർ ജാവേദ്, നൗഫിയ ഫെബിൻ എന്നിവർ കരസ്ഥമാക്കി.
അവാർഡ് ദാനത്തിന് ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഹെഡ്മിസ്ട്രസ് ഹമീദാ ബാനു, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ നേതൃത്വം നൽകി. അലിഫ് ന്യൂസ് കോഡിനേറ്റർ സുമയ്യ ഷമീറിനുള്ള സ്നേഹോപഹാരം പ്രിൻസിപ്പൽ സമ്മാനിച്ചു.