തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിന് കാരണക്കാരായ മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.
സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോടൊപ്പമാണ് സര്‍ക്കാരെന്നും കുറ്റവാളികളെ ഏത് നേതൃത്വം സംരക്ഷിച്ചാലും വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയ ആരോപണവും വിശദമായി അന്വേഷിക്കും. കൂടെ പഠിക്കുന്ന കുട്ടികള്‍ പരസ്പര സ്‌നേഹത്തോടെ പഠിക്കേണ്ടവരാണ്. കാപാലിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. എസ്എഫ്‌ഐ ആണെന്ന് പൊലീസ് ഔദ്യോഗികമായി എവിടെയും സ്ഥിരീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *