ചേര്‍ത്തല: സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ സഹോദരനു തന്റെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്നു ഭീഷണിപ്പെടുത്തി അവരില്‍നിന്നു 10 ലക്ഷം രൂപയും നാലുപവനും തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദമ്പതിമാരുടെ പേരില്‍ കേസ്. കടക്കരപ്പള്ളി സ്വദേശി ജീമോനും ഭാര്യ രേഖയ്ക്കുമെതിരേയാണ് കേസ്. ഇവര്‍ ഒളിവിലാണ്.
2018ല്‍ ചേര്‍ത്തല മരുത്തോര്‍വട്ടത്തു വാടകയ്ക്കു താമസിച്ചിരുന്ന അധ്യാപികയെ അവരുടെ ഭര്‍ത്താവിന്റെ അവിഹിതകഥ പറഞ്ഞു ഭീഷണിപ്പെടുത്തി ഇവര്‍ മൂന്നുലക്ഷം രൂപ തട്ടിയിരുന്നു. ആ കേസ് നടന്നുകൊണ്ടിരിക്കേ സമാനരീതിയില്‍ മറ്റൊരാളെയും ചൂഷണം ചെയ്യാന്‍ ശ്രമിച്ചു. കൊട്ടാരക്കര സ്വദേശിയില്‍നിന്നു 10 ലക്ഷം രൂപയാണു ജീമോനും രേഖയും തട്ടിയത്.
മകന് ഗള്‍ഫില്‍ ജോലിതരപ്പെടുത്തിക്കൊടുക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ സഹോദരനെ രേഖ പരിചയപ്പെട്ടു. പിന്നാലെ ഇവര്‍ തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന ആരോപണവുമായി രേഖയുടെ ഭര്‍ത്താവായ ജീമോന്‍ രംഗത്തുവന്നു. ഭീഷണിപ്പെടുത്തി പരാതിക്കാരിയുടെ സഹോദരനില്‍നിന്ന് ബാങ്കുവഴി 55,000 രൂപയും നേരിട്ട് 30,000 രൂപയും വാങ്ങി.
തുടര്‍ന്നാണ്, ഇതേ കാര്യമുന്നയിച്ച് ജീമോന്‍ പരാതിക്കാരിയെ സമീപിച്ചത്. 10 ലക്ഷം രൂപയും നാലുപവനും ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ആരോപണം തട്ടിപ്പാണെന്ന സംശയം പരാതിക്കാരിക്കുണ്ടായി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് അന്വേഷണത്തിലാണ് ഇത്തരത്തില്‍ മരുത്തോര്‍വട്ടത്തും കൊട്ടാരക്കരയിലും ദമ്പതിമാര്‍ നടത്തിയ തട്ടിപ്പു പുറത്തുവന്നത്. കൂടുതല്‍പ്പേര്‍ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നു പോലീസ് വിശദമായ അന്വേഷണം നടത്തും.