കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചല്‍ വിളക്കുപാറ ഇടക്കൊച്ചി സാം വിലാസത്തില്‍ സാം കുമാറി(43)ന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
അഞ്ചല്‍ വിളക്കുപാറ സുരേഷ് ഭവനില്‍ സുനിത(37)യെ അവരുടെ കുടുംബ വീട്ടില്‍ എത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കൊല്ലം നാലാം അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ഉഷ നായര്‍ ശിക്ഷ വിധിച്ചത്.
സുനിതയുടെ പിതാവിന്റെ സഹോദരിയുടെ മകനാണ് സാംകുമാര്‍. 2021 ഡിസംബര്‍ 22ന് വൈകിട്ട് ആറിനായിരുന്നു സംഭവം. മദ്യപിച്ചെത്തി സുനിതയെയും മക്കളെയും മര്‍ദിക്കുന്നത് പതിവായിരുന്നു. ഉപദ്രവം സഹിക്കാതായപ്പോള്‍ സുനിതയും മക്കളും അടുത്തുള്ള കുടുംബ വീട്ടിലേക്കു താമസം മാറി.
2021 സെപ്റ്റംബറില്‍ കുടുംബവീട്ടിലെത്തി സുനിതയെയും ഇളയമകനെയും സുനിതയുടെ അമ്മയെയും സാം ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ സാം കുമാറിനെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന്റെ വൈരാഗ്യത്തില്‍ വധഭീഷണി മുഴക്കിയതിനാല്‍ സുനിത പുനലൂര്‍ കോടതിയില്‍ നിന്നു പ്രത്യേക സംരക്ഷണ ഉത്തരവ് നേടിയിരുന്നു.
ഇതു നിലനില്‍ക്കെയാണ് കൊലപാതകം. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വിളക്കുപാറ ശാഖയിലെ കാഷ്യറായിരുന്ന സുനിത ജോലി കഴിഞ്ഞ് 12 വയസുള്ള ഇളയ മകനോടൊപ്പം മാവേലി സ്റ്റോറില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിയതിനു പിന്നാലെയാണ് കൊല്ലപ്പെട്ടത്.
വാങ്ങിക്കൊണ്ടുവന്ന ബിസ്‌കറ്റ് മക്കള്‍ക്ക് കൊടുത്തുക്കൊണ്ടിരിക്കെ സാംകുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി സുനിതയെ മുടിയില്‍ കുത്തിപ്പിടിച്ചു മുറിയിലേക്ക് കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സുനിതയുടെ ശരീരത്തില്‍ 46 വെട്ടേറ്റു. ഇരുകൈയ്യും മുറിഞ്ഞുതൂങ്ങി. മൂത്തമകനും അമ്മയും സമീപവാസികളും ഉള്‍പ്പെടെ 34 സാക്ഷികളും 31 രേഖകളും കോടതി തെളിവായി സ്വീകരിച്ചു. ഏരൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ്. അരുണ്‍കുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അരമന സി.കെ. സൈജു, അഡ്വ. മീനു ദാസ്, അഡ്വ. ഷംല മേച്ചേരി എന്നിവര്‍ കോടതിയില്‍ ഹാജരായി. പ്രോസിക്യൂഷന്‍ സഹായിയായി എ.എസ്.ഐ മേഴ്‌സി പ്രവര്‍ത്തിച്ചു.