വയനാട്: വയനാട് വെറ്ററിനറി കോളജിലെ ആൾക്കൂട്ട മർദനത്തിൽ ഒളിവിലായിരുന്ന രണ്ട് എസ്.എഫ്.ഐ നേതാക്കൾ കൂടി കീഴടങ്ങി. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ എന്നിവർ ഇന്നലെ രാത്രിയാണ് കീഴടങ്ങിയത്. മറ്റൊരാൾ കൂടി കസ്റ്റഡിയിലുണ്ട്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കിയിരിക്കുകയാണ് എസ്.എഫ്.ഐ ഇതര വിദ്യാർഥി സംഘടനകൾ.
രണ്ടാം വർഷ ബിരുദ വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥന്റെ ദുരൂഹ മരണത്തിൽ ഒളിവിൽ പോയ 12 പ്രതികളിൽ നാല് പേരാണ് ഇന്നലെ പിടിയിലായത്. എസ്.എഫ്.ഐ പ്രവർത്തകനായ മുഖ്യപ്രതി കൊപ്പം ആമയൂർ സ്വദേശി അഖിലിനെ പാലക്കാട്ടെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി പത്ത് മണിയോടെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ എന്നിവർ കൽപ്പറ്റ ഡി.വൈ.എസ്.പിക്ക് മുന്നിലെത്തി കീഴടങ്ങി. വയനാട് സ്വദേശികളായ ഇരുവരേയും കൂടാതെ ഒരാൾ കൂടി കസ്റ്റഡിയിലുണ്ട്.