ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് ഹോളി. തണുപ്പ് കാലത്തിന്റെ അവസാനവും വസന്തത്തിന്റെ വരവും വിളിച്ചറിയിക്കുന്ന ആഘോഷം.
ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നായ ഹോളി ഇന്ന് ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ കൊണ്ടാടുന്നു. ദക്ഷിണേന്ത്യയിലും ഹോളി ആഘോഷിച്ചു തുടങ്ങിയതോടെ ഇന്ത്യയിലെ ഒരു വര്‍ണാഭമായ ആഘോഷമായി ഹോളി മാറിക്കഴിഞ്ഞു.
ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളും ഐതിഹ്യങ്ങളുമാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്റെ കഥയാണ് മുഖ്യമായും ഹോളിയുടെ അടിസ്ഥാനം. എന്നാല്‍ കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിങ്ങനെ ഹോളിയ്ക്ക് ഐതിഹ്യങ്ങള്‍ ഏറെയാണ്. ഉത്തരേന്ത്യയില്‍ പ്രഹ്ലാദനുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഹോളിയ്ക്ക് ആധാരം.
ഹൈന്ദവ കലണ്ടര്‍ അനുസരിച്ച് ഫാല്‍ഗുന മാസത്തിലെ പൗര്‍ണമി ദിവസമാണ് ഹോളി ആഘോഷിക്കുന്നത്. പൂര്ണചന്ദ്രന് ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷം ആരംഭിക്കുന്നു. പിറ്റേന്നാണ് നിറങ്ങള്‍ ഉപയോഗിച്ചുള്ള യഥാര്‍ഥ ഹോളി ആഘോഷം നടക്കുന്നത്.
ആഹ്ലാദാരവങ്ങളില്‍ പരസ്പരം നിറങ്ങള്‍ വാരിത്തൂകിയാണ് ഹോളി ആഘോഷം. പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുത അകലുമെന്നാണ് വിശ്വാസം. അതിനാല്‍, ഈ ആഘോഷത്തെയും പാരമ്പര്യത്തെയും ‘ഹോളി മിലാന്’ എന്നും വിളിക്കുന്നു.
ഉത്തരേന്ത്യയിലേതിന് സമാനമായി കേരളത്തിലും കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഹോളി ആഘോഷത്തില്‍ പങ്കുചേരുന്നു എന്നതാണ് പ്രത്യേകത. കേരളത്തില്‍ ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമുള്ള ഗുജറാത്തി സമൂഹമാണ് ഹോളി ആര്‍ഭാടമായി ആഘോഷിക്കുന്നത്.
ഇപ്പോള്‍ കേരളത്തിലെ ക്യാംപസുകളും ഹോളിയെ നെഞ്ചേറ്റിക്കഴിഞ്ഞു. നിറമുള്ള പൊടികളും നിറം കലക്കിയ വെള്ളം ചീറ്റിക്കുന്ന തോക്കുകളുമൊക്കെ മലയാളികളുടെ ഹോളി ആഘോഷങ്ങള്‍ക്ക് മിഴിവേറ്റുന്നു.