ശാസ്താംകോട്ട: തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമത്തിലൂടെ അസഭ്യവര്‍ഷം നടത്തിയ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരെ ബ്രാഞ്ച് കമ്മിറ്റിയംഗവും ക്ഷീരസംഘം സെക്രട്ടറിയുമായ വനിത മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി.
സി.പി.എം. ശൂരനാട് ഏരിയ കമ്മിറ്റിയംഗത്തിന്റെ ഭാര്യ കൂടിയായ വനിത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതു സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ അറിയിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു കമന്റായിട്ടാണ് ലോക്കല്‍ കമ്മിറ്റിയംഗം വീട്ടമ്മയെയും ഭര്‍ത്താവിനെയും അസഭ്യം പറഞ്ഞത്.
ശൂരനാട് വടക്ക് പഞ്ചായത്തിലെ സി.പി.എമ്മില്‍ ഏറെനാളായി വിഭാഗീയത രൂക്ഷമാണ്. പതിറ്റാണ്ടുകളായി സി.പി.എം. ഭരണത്തിലായിരുന്ന ക്ഷീര സഹകരണസംഘം കോണ്‍ഗ്രസ് അടുത്തിടെ പിടിച്ചെടുത്തിരുന്നു. ശൂരനാട് ഗവ.എച്ച്.എസ്.എസ്. പി.ടി.എയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സി.പി.എം. നേതാവിനെ ഉള്‍പ്പെടുത്തിയതും വിവാദമായി. ഇതിന്റെ തുടര്‍ച്ചയായാണ് സമൂഹമാധ്യമത്തില്‍ അസഭ്യവര്‍ഷമുണ്ടായത്.
ഇടതുപക്ഷ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്ന് പോസ്റ്റിട്ട തനിക്കും കുടുംബത്തിനും നേരെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ അസഭ്യവര്‍ഷം നടത്തിയ ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ നിയമനടപടിയും പാര്‍ട്ടി നടപടിയും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കിയെന്നും പരാതിക്കാരി പറഞ്ഞു.