മുംബൈ: രണ്ട് വയോധികരെ കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കിഷോര്‍ കുമാര്‍ മണ്ഡലാണ് പിടിയിലായത്. കൊലപാതകശേഷം ഒളിവില്‍പോയ പ്രതിയെ ചതുപ്പില്‍ നിന്നാണ് പിടികൂടിയത്.
മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഇന്നലെ രാത്രിയാണ് സംഭവം. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. മൂന്നാലു ദിവസമായി അജ്ഞാതനായ ഒരാള്‍ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നതു കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
മാനസികാസ്വാസ്ഥ്യമുള്ളതായി തോന്നിയ യുവാവിന്റെ സാന്നിധ്യം ആരും കാര്യമായെടുത്തില്ല. എന്നാല്‍, ഇന്നലെ രാത്രി ഇയാള്‍ ഒരു വയോധികനെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. എന്നിട്ട് മൃതദേഹത്തിനരികെ ഇരുന്നു. കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ തിരഞ്ഞെത്തിയപ്പോള്‍ അദ്ദേഹത്തെയും യുവാവ് മഴുകൊണ്ട് ആക്രമിച്ചു. എന്നിട്ട് അവിടെനിന്നും ഓടി രക്ഷപ്പെട്ടു.
പോലീസെത്തി സമീപത്തെ കാട്ടിലെ ചതുപ്പില്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. പോലീസ് ബലം പ്രയോഗിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടോ എന്നറിയാന്‍ വൈദ്യപരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.