ധ്യാൻ ശ്രീനിവാസൻ ഓട്ടോറിക്ഷാ ഡ്രൈവറാകുന്നു. എ ആർ ബിനുരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തുകയാണ്. ഒഞ്ചിയത്താണ് ചിത്രീകരണം നടക്കുന്നത്. ലളിതമായി സംഘടിപ്പിച്ച ചടങ്ങില്‍ സിനിമാ താരങ്ങളുടെ അടക്കം സാന്നിദ്ധ്യത്തില്‍ ബിസിനസ് പ്രമുഖൻ അരവിന്ദ് വിക്രം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചാണ് ധ്യാൻ ശ്രീനിവാസന്റെ ചിത്രീകരണത്തിനു തുടക്കമിട്ടത്.
തിരക്കഥാകൃത്ത് സനു അശോക് ഫസ്റ്റ് ക്ലാപ്പും നൽകി. സനു അശോകന്റെ അമ്മ രോഹിണി ആദ്യം ഭദ്രദീപം തെളിയിച്ചിരുന്നു. ധ്യാൻ ശ്രീനിവാസൻ നായകനായി ഒരുങ്ങുന്ന ചിത്രം മലബാറിലെ സാമൂഹ്യ, രാഷ്‍ട്രീയ പശ്ചാത്തലങ്ങളും, ജീവിതവുമെല്ലാം കോർത്തിണക്കിയാണ് അവതരിപ്പിക്കുന്നത്. ബിടെക്ക് കഴിഞ്ഞിട്ടും വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് തനിക്ക് ഒരു ജോലി ലഭിക്കാതെ അച്ഛന്റെ ഓട്ടോറിക്ഷ ഓടിക്കുന്ന നന്ദൻ നാരായണൻ എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി.
നല്ല സുഹൃദ് ബന്ധമുള്ള നന്ദനെന്ന കഥാ നായകന്റെ ജീവിതം പലപ്പോഴും സംഘഷഭരിതമാകാറുണ്ട്. അതെല്ലാം സൗഹൃദത്തിന്റെ പരിണിതഫലങ്ങളാണ്.ഇതിനിടയിൽ ഉരിത്തിരിഞ്ഞ പ്രണയം നായക കഥാപാത്രമായ നന്ദന്റെ ജീവിതത്തെ സാരമായിത്തന്നെ ബാധിച്ചു. പ്രശ്‍നത്തിൽ നിന്നും കരകയറാനുള്ള ശ്രമങ്ങളാണ് സിനിമയില്‍ പിന്നീട് നന്ദൻ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നായകൻ നന്ദനായി ധ്യാൻ ശ്രീനിവാസൻ എത്തുമ്പോള്‍ ഓപ്പൺ ആർട്ട് ക്രിയേഷൻസാണ് നിര്‍മിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ നായകനായി വേഷമിടുന്ന ചിത്രത്തില്‍ മാളവികാ മേനോൻ, വിജയകുമാർ, ആനന്ദ്, ധർമ്മജൻ ബോൾഗാട്ടി, രാജേഷ് കേശവ്, രാജ് കപൂർ (തുറുപ്പുഗുലാൻ ഫെയിം), ദിനേശ് പണിക്കർ, നാരായണൻ നായർ, അംബികാ മോഹൻ സംവിധായകൻ മനു സുധാകർ, സോഹൻ സീനുലാൽ, എന്നിവരും വേഷമിടുന്നു. ചിത്രത്തിലെ ഗാനങ്ങൾ കൈതപ്രം. ഛായാഗ്രഹണം പവി കെ പവൻ. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ഷുക്കു പുളിപ്പറമ്പിൽ.