ധാക്ക: ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ ആറ് നിലകളുള്ള കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 44 പേര്‍ മരിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
തീപിടിത്തത്തില്‍ ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊള്ളലേറ്റ പരിക്കുകളും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും കാരണം പലരുടെയും നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി ഡോ സാമന്ത ലാല്‍ സെന്‍ പറഞ്ഞു.
മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഒരു റസ്റ്റോറന്റില്‍ വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് തീപിടിത്തമുണ്ടായത്, കൂടുതല്‍ റസ്റ്റോറന്റുകളും വസ്ത്രശാലയും ഉള്ള മുകള്‍ നിലകളിലേക്ക് പെട്ടെന്ന് തീ പടരുകയായിരുന്നു.
ഏഴ് നിലകളുള്ള കെട്ടിടത്തില്‍ നിന്ന് അബോധാവസ്ഥയിലായ 42 പേര്‍ ഉള്‍പ്പെടെ 75 പേരെ രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിച്ചു. പതിമൂന്ന് ഫയര്‍ സര്‍വീസ് യൂണിറ്റുകള്‍ സജ്ജീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
മുപ്പത്തിമൂന്ന് പേര്‍ ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലും (ഡിഎംസിഎച്ച്) സമീപത്തുള്ള ഷെയ്ഖ് ഹസീന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബേണ്‍ ആന്‍ഡ് പ്ലാസ്റ്റിക് സര്‍ജറിയില്‍ 10 പേരും മരിച്ചു, സെന്‍ പറഞ്ഞു. 22 പേര്‍ രണ്ട് ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സയിലാണെന്നും അവരുടെ നില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു.