തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിൻെറ മരണത്തിൽ എസ്.എഫ്.ഐ പ്രതിക്കൂട്ടിൽ ആയതോടെ ലോക്സഭ തിരഞ്ഞെടുപ്പിൻെറ പ്രചാരണം ആരംഭിച്ച സി.പി.എമ്മും എൽ.ഡി.എഫും പ്രതിരോധത്തിലായി. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷ വർദ്ധിപ്പിക്കുകയും രണ്ട് പാർട്ടി നേതാക്കളെ കൂടി ശിക്ഷിക്കുക കൂടി ചെയ്ത ഹൈക്കോടതി വിധിയോടെ പൊതുസമൂഹത്തിൽ അക്രമരാഷ്ട്രീയം വീണ്ടും ചർച്ചയായതിന് ഒപ്പമാണ് എസ്.എഫ്.ഐഅക്രമവും ചർച്ച ചെയ്യപ്പെടുന്നത്. എസ്.എഫ്.ഐ നേതാക്കൾ ഹോസ്റ്റലിൽ വിചാരണ നടത്തി മർദ്ദിച്ചതിന് ശേഷമാണ് സിദ്ധാർത്ഥിനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
കേസിൽ പ്രതികളായവരിലും പിടിക്കപ്പെട്ടവരിലും ഭൂരിപക്ഷവും എസ്.എഫ്.ഐ നേതാക്കളോ പ്രവർത്തകരോ ആണെന്ന് വന്നതോടെ തിരഞ്ഞെടുപ്പ് കാലത്ത് വാതുറക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് സി.പി.എമ്മും ഇടതുമുന്നണിയും എത്തിപ്പെട്ടിരിക്കുകയാണ്. എതിരാളികളെ കൊന്നുതളളുന്ന രാഷ്ട്രീയത്തിൻെറ വക്താക്കളാണ് സി.പി.എമ്മെന്ന് അടിവരയിടുന്നതാണ് ടി.പി ചന്ദ്രശേഖരൻ കേസിലെ വിചാരണ കോടതിയുടെയും ഹൈക്കോടതിയുടെയും വിധി. പ്രതികൾക്ക് വ്യക്തിപരമായി ശത്രുത ഒന്നും ഇല്ലാതിരുന്ന ടി.പി. ചന്ദ്രശേഖരനെ പാർട്ടിക്ക് എതിര് നിന്നതിൻെറ പേരിലാണ് മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് വിധിയിൽ ചൂണ്ടിക്കാട്ടുന്നത്.
എതിർ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന രാഷ്ട്രീയത്തിൻെറ ഇളമുറക്കാരാണ് വാലൻെറൻ ആഘോഷത്തിൻെറ പേരിൽ ഹോസ്റ്റലിൻെറ നടുത്തളത്തിൽ വെച്ച് സിദ്ധാര്ത്ഥിനെ നഗ്നനാക്കി നാല് ദിവസം കെട്ടിയിട്ട് മർദ്ദിച്ചത്. അത് അവസാനിച്ചത് മരണത്തിലും. ഇതാണ് ലോകസഭാ തിരഞ്ഞെടുപ്പിൽ മികച്ചവിജയം നേടാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുന്നത്.
ടി.പി.വധത്തിലെ ഹൈക്കോടതി വിധിക്ക് അക്രമരാഷ്ട്രീയം ചർച്ചയാകുന്നതിനൊപ്പം എസ്.എഫ്. ഐ ആക്രമം കൂടി വരുമ്പോൾ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച സി.പി.എമ്മിൻെറ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴുകയാണ്.
ബി.ജെ.പിയുടെ ഫാസിസത്തിനും വർഗീയതക്കും എതിരെ പോരാട്ടത്തിനിറങ്ങിയിരിക്കുന്നവരുടെ കൈയ്യിലും ചോരക്കറയുണ്ടെന്ന വിമർശനമാണ് പൂക്കോട് സംഭവത്തിലൂടെ ശക്തമാകുന്നത്. സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും മുദ്രാവാക്യമാക്കിയ വിദ്യാർത്ഥി സംഘടനയാണ് എസ്.എഫ്.ഐ. സ്വതന്ത്രമായി ജീവിക്കുക എന്നത് ഏതോരാളുടെയും മൗലികാവകാശമാണ്. വിയോജിക്കാനും എതിർക്കാനും ഉളള അവകാശം ജനാധിപത്യത്തിൻെറ പ്രധാന ഘടകവും. ഇതെല്ലാം മറന്നാണ് നേതൃത്വത്തിന് വഴങ്ങുന്നില്ലെന്ന കുറ്റത്തിനാണ് സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയെ വിചാരണ ചെയ്ത് മർദ്ദിച്ചത്.
എല്ലാവരെയും തുല്യരായി കാണുന്ന വ്യവസ്ഥിതി ആഗ്രഹിക്കുന്ന സംഘടനക്ക് ചേർന്നതാണോ ഈ ആൾക്കൂട്ട വിചാരണയും പൈശാചിക രീതിയിലുളള മർദ്ദനവും എന്നതാണ് അടുത്ത ചോദ്യം.സ്വന്തം മുദ്രാവാക്യത്തോടു പോലും നീതിപുലർത്താത്ത സംഘടനയാണെന്ന വിമർശനമാണ് പൂക്കോട് സിദ്ധാർത്ഥിൻെറ കൊലപാതകത്തോടെ എസ്.എഫ്.ഐക്ക് മേൽ വന്നിരിക്കുന്നത്. കത്തിക്കുത്ത്, പി.എസ്.സി പരീക്ഷയിലെ കൃതൃമം, ചാപ്പകുത്തൽ എന്നുവേണ്ട ക്രിമിനൽ സ്വഭാവത്തിലുളള സംഭവങ്ങളുടെ പരമ്പര തന്നെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് കുറേക്കാലമായി കേൾക്കുന്നത്. എതിർക്കുന്നവരെ വിചാരണ ചെയ്ത് മർദ്ദിക്കുന്നതിനായി ഇടിമുറിയും അവിടെ ഉണ്ടെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഇടത് അധ്യാപക സംഘടനകളുടെ പ്രോത്സാഹനത്തിലും ആശിർവാദത്തിലുമാണ് ഇതെല്ലാം നടക്കുന്നത്. പൂക്കോട് കാമ്പസിലെ ഹോസ്റ്റലിൽ നടന്ന മർദ്ദനമുറയ്ക്കും ഇടത് സംഘടനക്കാരനായ സർവകലാശാലാ ഡീനിൻെറ അറിവും സമ്മതവും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
എല്ലാ കോണുകളിൽ നിന്നും വിമശനം ശക്തം ആയതോടെ സംഭവത്തെ തളളിപറഞ്ഞ് മന്ത്രിമാരും നേതാക്കളും സി.പി.എം സൈബർ ഹാൻഡിലുകളിലെ സ്ഥിരം ന്യായീകരണ തൊഴിലാളികളും രംഗത്ത് വന്നിട്ടുണ്ട്. പാർട്ടി നേതൃത്വം തെറ്റുതിരുത്തലിന് തയ്യാറാകുകയാണെന്ന ധാരണയാണ് തന്ത്രപൂർവം ഇതിലൂടെ പരത്താൻ ശ്രമിക്കുന്നത്. എന്നാൽ അങ്ങനെ തെറ്റ് തിരുത്തിയ ചരിത്രമല്ല സി.പി.എമ്മിനും എസ്.എഫ്.ഐക്കുമുളളത്.
പാലക്കാട് വിക്ടോറിയ കോളജ് പ്രിൻസിപ്പൽ ഡോ ടി എൻ സരസു 2016 ഏപ്രിൽ 31 ന് സർവീസിൽ നിന്ന് വിരമിക്കുമ്പോൾ അവരുടെ പ്രതീകാത്മക കുഴിമാടം ഒരുക്കിയാണ് എസ്.എഫ്.ഐ പ്രവർത്തകർ സ്വീകരണം ഒരുക്കിയത്. സംഭവം വിവാദം ആയപ്പോൾ പൊളിറ്റ് ബ്യൂറോ അംഗം വരെ അതിനെ പരിഹാസ്യമായി ന്യായീകരിച്ചു. വിദ്യാർത്ഥികളുടെ സർഗപ്രതിഭയുടെ പ്രകാശനമായ ആവിഷ്കാരം ആണെന്നായിരുന്നു എം.എ.ബേബിയുടെ ന്യായീകരണം.
തെറ്റു തിരുത്തൽ ഏത് ദിശയിലാണ് സഞ്ചരിക്കുന്നത് എന്ന് വ്യക്തമാകാൻ ഈ ഒറ്റ ഉദാഹരണം മാത്രം മതി. ഇനിയുമുണ്ട് ചരിത്രത്തിൽ ഏറെ ഉദാഹരണങ്ങൾ. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ മറ്റൊരു ഇടത് വിദ്യാർത്ഥി സംഘടനയുടെ വനിതാ നേതാവിനോട് പെരുമാറിയത് എങ്ങനെയാണെന്നതും സമൂഹത്തിൻെറ മുന്നിലുണ്ട്. സിദ്ധാർത്ഥിൻെറ മരണത്തിന് പിന്നിൽ എസ്.എഫ്.ഐ നേതാക്കളെന്ന് വന്നതോടെ ഉണ്ടായ തിരിച്ചടിയുടെ ആഘാതം കുറയ്ക്കാനാണ് മന്ത്രിമാരും നേതാക്കളും സൈബർ പോരാളികളും ഇപ്പോൾ എസ്.എഫ്.ഐ നേതാക്കളെ തളളി പറയുന്നത്.