യു കെ: ഇംഗ്ലണ്ടിലും വെയ്ൽസിലും പ്രാബല്യത്തിലുള്ള ‘എന്‍ഡ് ഓഫ് കസ്റ്റഡി സൂപ്പര്‍വൈസ്ഡ് ലൈസന്‍സ്’ സ്കീം ദീർഘകാലത്തേക്ക് നീട്ടി. ജയിലുകളില്‍ തടവുകാരെ പാര്‍പ്പിക്കാന്‍ ആവശ്യത്തിന് സ്ഥലമില്ലെന്ന് കാണിച്ച് കുറ്റവാളികളെ നേരത്തെ പുറത്തുവിടാൻ അനുവദിക്കുന്ന പദ്ധതിയാണ് എന്‍ഡ് ഓഫ് കസ്റ്റഡി സൂപ്പര്‍വൈസ്ഡ് ലൈസന്‍സ്’ സ്കീം. ഇതുസംബന്ധിച്ച് രേഖകള്‍ അടുത്തിടെ ചോര്‍ന്നതോടെയാണ് സ്‌കീം നീട്ടിയ വിവരം പുറത്തു വരുന്നത്.
ജയിലുകളില്‍ തിരക്ക് കൂടുന്ന സാഹചര്യം സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹാരത്തിനായി ശിക്ഷാ കാലാവധി പൂര്‍ത്തിയാകാന്‍ 18 ദിവസം വരെ ബാക്കിയുള്ള തടവുകാരെയാണ് ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ നിന്നും പുറത്തുവിടുന്നത്.
എല്ലാ കുറ്റവാളികൾക്കും പ്രയോജനപ്പെടുത്താൻ സാഹചര്യമില്ലാത്ത ഈ സ്‌കീം, നാല് വര്‍ഷത്തില്‍ താഴെ ശിക്ഷാവിധി നേരിടുന്ന തടവുകാര്‍ക്കാണ് ബാധകമാകുക. ഒക്ടോബറില്‍ തയ്യാറാക്കിയ ഈ സ്കീം, ഇപ്പോള്‍ അടിയന്തര പദ്ധതിയായി വീണ്ടും പരിഗണനയിൽ എടുത്തിട്ടുണ്ടെന്നാണ് ഗവണ്‍മെന്റ് ഗൈഡന്‍സ് വ്യക്തമാക്കുന്നത്.
ജയിൽ അധകൃതർ പോലും ചോദ്യം ഉയർത്തുന്ന ഈ സ്‌കീമിന്റെ കാലാവധി നീട്ടൽ പ്രക്രീയയിൽ പ്രൊബേഷന്‍ സര്‍വ്വീസും ആശങ്കയിലാണ്. ചില തടവുകാരെ തെറ്റായി മുന്‍കൂട്ടി വിട്ടയയ്ക്കാന്‍ ഉള്ള സാധ്യതയാണ് പ്രധാനമായും വിദഗ്ധർ ഉയർത്തിക്കാട്ടുന്ന ആശങ്ക. സംഭവം പുറത്തറിഞ്ഞതോടെ, പൊതുസുരക്ഷയെ ബാധിക്കുന്ന വിഷയം എന്ന നിലയിൽ, സ്‌കീം സംബന്ധിച്ച് ഗവണ്‍മെന്റ് ഹൗസ് ഓഫ് കോമണ്‍സില്‍ അടിയന്തരമായി വിശദീകരിക്കണമെന്ന് ഷാഡോ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് സെക്രട്ടറി ലിസ നാന്ദി അറിയിച്ചു.