ഒരു സമയത്ത് ഉത്തരേന്ത്യയില്‍ മാത്രം ആഘോഷിച്ചിരുന്ന ഹോളി ഇന്ന് ഏറെ ജനപ്രിയമായി മാറിയിരിക്കുകയാണ്. കേരളത്തിലെ സ്‌കൂളുകളിലും കോളേജുകളിലുമൊക്കെ ഇപ്പോള്‍ ഹോളി വലിയ രീതിയില്‍ ആഘോഷിക്കപ്പെടുന്നുണ്ട്.
ഹോളിയെ നിറങ്ങളുടെ ഉത്സവം എന്നാണ് പറയുന്നത്. വിളിക്കുന്നു. ഇന്ത്യയിലും നേപ്പാളിലുമൊക്കെ വളരെയധികം പ്രധാന്യത്തോടെ ആഘോഷിക്കുന്ന പ്രധാന ഹിന്ദു ഉത്സവമാണിത്.
സാധാരണയായി ഇത് ഹിന്ദു മാസമായ ഫാല്‍ഗുണിലെ പൗര്‍ണ്ണമി ദിനത്തിലാണ് ആഘോഷിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 8 ന് ഹോളി ആഘോഷിക്കും. ഹോളിയെക്കുറിച്ച് നിരവധി വിശ്വാസങ്ങള്‍ നിലവിലുണ്ട്. അത്തരത്തിലുളള ചില കാര്യങ്ങള്‍ അറിയാം.
ഹോളിയുമായി ബന്ധപ്പെട്ട് പ്രഹ്ലാദന്റെയും അദ്ദേഹത്തിന്റെ അസുരനായ പിതാവ് ഹിരണ്യകശ്യപിന്റെയും കഥയാണ് ഏറ്റവും പ്രചാരത്തിലുളളത്. മഹാവിഷ്ണുവിനോടുള്ള പ്രഹ്ലാദന്റെ ഭക്തി അവന്റെ പിതാവിനെ രോഷാകുലനാക്കി.
അതിനാല്‍ തന്നെ ഹിരണ്യകശ്യപ് തന്റെ മകനെ പലതവണ കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹം അതില്‍ പരാജയപ്പെട്ടു ഒടുവില്‍ മഹാവിഷ്ണു ഹിരണ്യകശ്യപനെ വധിച്ചു. ഇതിന്റെ ഓര്‍മ്മയ്ക്കായാണ് ഹോളി ആഘോഷിക്കുന്നത് എന്നാണ് വിശ്വാസം.
ഹോളി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഒന്നാണ് ‘ലാത്മാര്‍ ഹോളി’. ഉത്തര്‍പ്രദേശിലെ ബര്‍സാന നഗരത്തിലാണ് ഇത് ആഘോഷിക്കുന്നത്. ഈ ഉത്സവത്തിന്റെ ഭാഗമായി സ്ത്രീകള്‍ പുരുഷന്മാരെ വടികൊണ്ട് അടിക്കും.
ഇത്തരത്തില്‍ കളിയായി അടിക്കുന്ന ആഘോഷമാണ് ലാത്മാര്‍ ഹോളി. വൃന്ദാവനത്തിലും മഥുരയിലും ‘ഫ്‌ലവര്‍ ഹോളി’ ആണ് ആഘോഷിക്കുന്നത്. ഇവിടെ ഈ ഉത്സവം ആഘോഷിക്കാന്‍ നിറങ്ങള്‍ക്ക് പകരം പൂക്കളാണ് ഉപയോഗിക്കുന്നത്.
ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ഹോളി, ‘ഡോള്‍ ജാത്ര’ , ‘ഡോള്‍ പൂര്‍ണിമ’ എന്നാണ് അറിയപ്പെടുന്നത്. ഈ ചടങ്ങില്‍ അലങ്കരിച്ച ഊഞ്ഞാലില്‍ ശ്രീകൃഷ്ണന്റെയും രാധയുടെയും വിഗ്രഹങ്ങള്‍ ഊഞ്ഞാലാട്ടിയാണ് ആഘോഷിക്കുന്നത്. മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും ചില ഭാഗങ്ങളില്‍ ഹോളിയുടെ പിറ്റേന്ന് ‘രംഗപഞ്ചമി’ ആയി ആഘോഷിക്കപ്പെടുന്നു അന്ന് ആളുകള്‍ നിറങ്ങള്‍ ഉപയോഗിച്ച് കളിക്കുന്നു.
നേപ്പാളിലും ഹോളി ആഘോഷിക്കുന്നുണ്ട്. അവിടെ ഇത് ‘ഫാഗു പൂര്‍ണിമ’ അല്ലെങ്കില്‍ ‘ഹോളിയ’ എന്നാണ് അറിയപ്പെടുന്നത്. നിറങ്ങളും വെള്ളവും കൊണ്ട് ആഘോഷിക്കപ്പെടുന്ന ഈ ദിനം ദേശീയ അവധി ദിനവുമാണ്.